പേരില്ലാത്ത ബന്ധങ്ങള്‍...!

സരേഷ് മോഹന്‍

WEBDUNIA|
PRO
ബന്ധങ്ങള്‍ക്കെല്ലാം പേരുകളുണ്ടോ? ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ ഉണ്ടെന്ന് തോന്നാം. അച്ഛന്‍, അമ്മ, സഹോദരന്‍, ഭര്‍ത്താവ്, ഭാര്യ, കാമുകന്‍, കാമുകി, സുഹൃത്ത് എന്നിങ്ങനെ ബന്ധങ്ങളെ പേരിട്ടു വിളിക്കുമ്പോള്‍ പേരില്ലാത്ത ചില ബന്ധങ്ങളെപ്പറ്റി ചിന്തിക്കുന്നതും രസകരമാണ്.

ഒരു പ്രണയജോഡി - കാമുകനും കാമുകിയും. ആ ബന്ധം കുറച്ചുകാലം നീണ്ട ശേഷം പിന്നീട് മലയാള സിനിമകള്‍ പൊട്ടുന്നതു പോലെ പൊട്ടുന്നു. ഇപ്പോള്‍ കാമുകന്‍റെ സ്ഥാനത്ത് മറ്റൊരാള്‍. കാമുകിയുടെ സ്ഥാനത്ത് പുതിയ ഒരാള്‍. ‘അയാള്‍ എന്‍റെ പഴയ കാമുകനാണ്’ എന്ന് ആരോടെങ്കിലും പറയുമ്പോള്‍ ആ ബന്ധത്തിന് ഒരു പേരുണ്ടാകുന്നു - പഴയ കാമുകന്‍!

ഇത്തരം ബന്ധങ്ങള്‍ക്കും അപ്പുറം, പേര് കൃത്യമായി പറയാനാകാത്ത ചിലവയുണ്ട്. സുഹൃത്താണോ എന്നു ചോദിച്ചാല്‍ ആണ്. കാമുകനാണോ എന്നു ചോദിച്ചാല്‍ അതുമാണ്. ശത്രുവാണോ എന്നു ചോദിച്ചാല്‍ ചിലപ്പോഴൊക്കെ അതുമാണ്. ഇങ്ങനെ കൃത്യമായി നിര്‍വചിക്കപ്പെടാനാകാത്ത ബന്ധങ്ങളാല്‍ നിറഞ്ഞതാണ് ജീവിതം.

‘നല്ല സുഹൃത്ത്’ എന്ന രീതിയില്‍ കുറേക്കാലം ഒരു ബന്ധം നിലനില്‍ക്കുന്നു. പിന്നീട് അയാള്‍ കാമുകന്‍/കാമുകി ആകുന്നു. ശരീരവും മനസും പങ്കുവയ്ക്കുന്നു. പിന്നീട്, ഒന്നും രണ്ടും പറഞ്ഞ് വഴക്കുണ്ടാക്കി പിരിയുന്നു. അതിനു ശേഷം ശത്രുവാകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തമ്മില്‍ സ്നേഹം തോന്നുന്നു.

ആലോചിച്ചു നോക്കുക, ഈ ബന്ധത്തിന് എന്തു പേരു നല്‍കും. പേരു പറയാനാകില്ല എന്നതാണ് സത്യം. പറയുകയാണെങ്കില്‍ ഒരുപാടു പേരുകള്‍ പറയാനുണ്ടാകും. ചിലരുണ്ട്, മറ്റുള്ളവരുടെ മുമ്പാകെ ഒരു ബന്ധം. സ്വകാര്യമായി മറ്റൊരു ബന്ധം. അതായത്, എല്ലാവരുടെയും മുമ്പില്‍ വെറും സുഹൃത്ത്, സ്വകാര്യമായി കാമുകന്‍/കാമുകി. അപ്പോള്‍ രഹസ്യമായും പരസ്യമായും വ്യത്യസ്തമായ പേരുകളുള്ള ബന്ധങ്ങള്‍.

ബന്ധങ്ങള്‍ക്ക് പേരുകള്‍ നല്‍കുന്നത് ശരിയല്ലെന്നാണ് അടുത്തിടെ ഏറെ സ്വീകരിക്കപ്പെട്ട ഒരു വാദം. അതായത് ഒരാളോട് ഒരു ഇഷ്ടം തോന്നി എന്നു വയ്ക്കുക. പക്ഷേ ഒരു സുഹൃത്തിനോടുള്ള വെറും ഇഷ്ടമാണോ, അതോ പ്രണയമാണോ എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. ഈ ഇഷ്ടത്തിന്, അല്ലെങ്കില്‍ അപ്പോള്‍ ഉടലെടുത്തിരിക്കുന്ന ബന്ധത്തിന് എന്ത് പേരിട്ടു വിളിക്കും?. സുഹൃദ്ബന്ധം എന്നു പെരിട്ടാല്‍ പ്രണയം മരിക്കും. കാമുകന്‍/കാമുകി എന്നു പെരിട്ടാല്‍ സുഹൃദ്ബന്ധം ഇല്ലാതെയാകും.

യഥാര്‍ത്ഥത്തില്‍ ബന്ധങ്ങളേയുള്ളൂ, അവയ്ക്ക് പേരില്ല. പേരിട്ടു വിളിക്കുന്നത് നമ്മുടെ സൌകര്യം. ഒരു ബന്ധത്തിന് പേരിട്ടു വിളിക്കുമ്പോള്‍ ആ ബന്ധത്തെ നമ്മള്‍ പരിമിതപ്പെടുത്തുകയാണ്. ‘അച്ഛന്‍’ എന്ന് ഒരു ബന്ധത്തിന് പേരിട്ടു വിളിക്കുമ്പോള്‍ ആ ബന്ധത്തിന്‍റെ വിവിധഭാവങ്ങളെ ചുരുക്കിക്കൊണ്ടുവരികയാണ്. അച്ഛനിലെ സുഹൃത്തിനെയോ ഗുരുവിനെയോ ആ ഒരൊറ്റ പേരില്‍ മറന്നുപോകുന്നു.

ബന്ധങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇങ്ങനെ എന്തെല്ലാം രസങ്ങള്‍. ഈ ബന്ധങ്ങളെല്ലാം കൂടിച്ചേര്‍ന്ന ജീവിതത്തേക്കുറിച്ച് ചിന്തിച്ചാലോ? പേരിടാനാകാത്ത ബന്ധങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഈ ജീവിത യാത്രയ്ക്ക് മുഴുവനായി ഒരു പേര് നിര്‍ദ്ദേശിക്കാമോ? നടക്കട്ടെ അങ്ങനെയും ചില ശ്രമങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :