‘സുബ്രഹ്മണ്യപുരം’ ശശികുമാറിന്‌ എന്തുപറ്റി?

ദയാ ഹരേഷ്

WEBDUNIA|
PRO
സുബ്രഹ്മണ്യപുരം, നാടോടികള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും പ്രിയപ്പെട്ട സം‍വിധായകനും നടനുമാണ്‌ ശശികുമാര്‍. ശശികുമാറിന്‍റെ രണ്ടാമത്തെ സം‍വിധാന സം‍രംഭമാണ്‌ ‘ഈശന്‍’ എന്നതിനാലാണ്‌ ആദ്യ ദിവസം തന്നെ മെനക്കെട്ട് സിനിമ കാണാന്‍ പോയത്. കണ്ടിരിക്കാവുന്ന ഒരു സിനിമ എന്ന ഒരു പോയിന്‍റൊഴിച്ചാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ഒന്നായി ‘ഈശന്‍’.

നഗരത്തിന്‍റെ ഭയപ്പെടുത്തുന്ന മുഖവും ഗ്രാമത്തിന്‍റെ മൂല്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ സിനിമയുടെ പ്രമേയം. പബും ഡിസ്കോത്തെക്കുകളും ഡാന്‍സ് ബാറുകളും പണച്ചാക്കുകളും പിമ്പുകളും രാഷ്‌ട്രീയക്കാരും കൂത്തടിക്കുന്ന, അറപ്പുളവാക്കുന്ന നഗര ജീവിതത്തിന്‍റെ യഥാതഥ മുഖം വരച്ചുകാട്ടുകയാണ്‌ സിനിമയുടെ ഒന്നാം പകുതി. ഗ്രാമത്തില്‍ പ്രതീക്ഷകളോട് നഗരത്തിലെത്തി എല്ലാം നഷ്ടപ്പെടുന്ന ഒരു പ്ലസ് വണ്‍ പയ്യന്‍റെ പ്രതികാരത്തിന്‍റെ കഥയാണ്‌ രണ്ടാം പകുതിയില്‍ വിവരിക്കുന്നത്.

മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ഗ്രാമത്തില്‍ നിന്ന് മകനെയും ഊമയായ മകളെയും (അഭിനയ) കൂട്ടി ചെന്നൈയിലേക്ക് കുടിയേറുകയാണ്‌ ബ്ലെസ്സി (അതെ, മലയാള സം‍വിധായകന്‍ ബ്ലെസ്സി തന്നെ) അവതരിപ്പിക്കുന്ന കഥാപാത്രം. എന്നാല്‍ നഗരത്തിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ മകളെ കൂട്ട ബലാത്സംഗത്തിന്‌ ഇരയാക്കുന്നതോടെ ഈ കുടുംബം വിഷം ആത്മഹത്യ ചെയ്യുകയാണ്‌. എന്നാല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മാത്രം രക്ഷപ്പെടുന്നു. അവന്‍റെ പ്രതികാരമാണ്‌ ബാക്കിയുള്ള സിനിമ.

നഗരത്തിലെ ‘നൈറ്റ് ലൈഫ്’ ആണ്‌ ആദ്യപകുതിയില്‍ മുഴച്ചുനില്‍ക്കുന്നത്. പണമുള്ള പയ്യന്മാരുടെ വെള്ളമടിയും മരുന്നടിയും പെണ്ണുപിടിയും ശശികുമാര്‍ ചര്‍വിതചര്‍വണം ചെയ്യുന്നു. രാഷ്ട്രീയക്കാരുടെ വൃത്തികെട്ട മുഖവും സമ്പന്നരുടെ പണത്തിന്‌ വേണ്ടിയുള്ള ആര്‍ത്തിയും ആദ്യപകുതി ഒട്ടൊക്കെ വിരസമാക്കുന്നു. കഥയുടെ ത്രെഡ് പ്രേക്ഷകര്‍ക്ക് മനസിലാകുക രണ്ടാം പകുതിയിലാണ്. ഇതുതന്നെയാണ്‌ പടത്തിന്‍റെ ഏറ്റവും വലിയ പോരായ്മ.

ഉപകഥകളാക്കാന്‍ പോന്ന സമാന്തര ത്രെഡുകള്‍ സിനിമയില്‍ ഉടനീളം ഉണ്ട്. എന്നാല്‍ ഈ ത്രെഡുകളൊക്കെ പറഞ്ഞുതുടങ്ങിയിട്ട് അവിടെത്തന്നെ വിടുകയാണ്‌ ശശികുമാര്‍. വെറും പശ്ചാത്തല സംഗീതം മാത്രം ആവശ്യമുള്ള സിനിമയില്‍ പാട്ടുകള്‍ അവിടവിടെ കുത്തിത്തിരുകിയത് മറ്റൊരു പോരായ്മ.

നായകനും നായികയും ഇല്ലാത്ത ഒരു സിനിമയാണിത്. എന്നാല്‍, അഭിനേതാക്കളെല്ലാം മികവ് പുലര്‍ത്തി. സമുദ്രക്കനിയും ബ്ലെസിയും തകര്‍ത്ത് അഭിനയിച്ചു. ഊമയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച അഭിനയയും(ഈ കുട്ടി ജന്മനാ മൂകയാണ് - നാടോടികളില്‍ അഭിനയിച്ചിരുന്നു‌) തകര്‍ത്തു. കതിരിന്‍റെ സിനിമാട്ടോഗ്രഫി ഗംഭീരം എന്ന് പറയാതെ വയ്യ. പാട്ടുകള്‍ കാതിനിമ്പം പകരുന്നവയല്ല എങ്കിലും ജെയിംസ് വസന്തന്‍ പശ്ചാത്തല സംഗീതം മികവുറ്റതാക്കി.

നഗരത്തിന്‍റെ കണ്ണഞ്ചിക്കുന്ന പ്രഭയ്ക്ക് പിന്നില്‍ നടമാടുന്ന ക്രൂരതകളിലേക്ക് വെളിച്ചം വീശാനും കാശും അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന നഗരത്തിലെ അധോലോകങ്ങളെ പറ്റി പ്രേക്ഷകരെ ജാഗരൂകരാക്കാനും ഈശന്‌ കഴിയുന്നുണ്ട്. ഒരു സിനിമ എന്നതിലുപരി ജനങ്ങളില്‍ ജാഗ്രത പകരുക എന്ന ലക്‍ഷ്യത്തിനുവേണ്ടി ആയിരുന്നിരിക്കണം ശശികുമാര്‍ ഈ സിനിമ എടുത്തിരിക്കുക. അതുകൊണ്ടുതന്നെ, സുബ്രഹ്മണ്യപുരം സ്റ്റാന്‍ഡേര്‍ഡിലേക്ക് ഈശന്‍ എത്തിയില്ല എന്ന കുറ്റത്തിന്‌ ശശികുമാറിന്‌ നമുക്ക് മാപ്പുകൊടുക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :