തമിഴ് ചിത്രത്തില്‍ ബ്ലെസി നടന്‍!

WEBDUNIA|
PRO
മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ ബ്ലെസി ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്. ഒരു തമിഴ് ചിത്രത്തിലൂടെയാണ് അഭിനേതാവെന്ന നിലയില്‍ ബ്ലെസിയുടെ അരങ്ങേറ്റം. ‘സുബ്രഹ്മണ്യപുരം’ എന്ന ഒറ്റച്ചിത്രത്തിലൂടെ തമിഴകത്തെ ഒന്നാം നിര സംവിധായകരില്‍ ഒരാളായി മാറിയ ശശികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ബ്ലെസി അഭിനേതാവാകുന്നത്.

നഗരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ടുകുട്ടികളുടെ പിതാവായാണ് ബ്ലെസി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേഷം തന്നെയാണ് ബ്ലെസിക്ക് നല്‍കിയിരിക്കുന്നത്. “ഞാന്‍ ശശികുമാറിന്‍റെ ചിത്രത്തില്‍ നടനെന്ന നിലയിലൊരു ശ്രമം നടത്തുകയാണ്. എന്‍റെ അടുത്ത സംവിധാന സംരംഭം ഉടന്‍ ആരംഭിക്കും. പൃഥ്വിരാജാണ് ഹീറോ” - ബ്ലെസി വ്യക്തമാക്കി.

ബ്ലെസിയുടെ ആരാധകന്‍ കൂടിയാണ് ശശികുമാര്‍. കാഴ്ച, തന്‍‌മാത്ര, ഭ്രമരം തുടങ്ങിയ ബ്ലെസിച്ചിത്രങ്ങളെ ഏറെ സ്നേഹിക്കുന്ന ശശികുമാര്‍ താന്‍ ഏറ്റവും ബഹുമാനിക്കുന്ന സംവിധായകനെ നടന്‍ എന്ന നിലയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വലിയ ആവേശത്തിലാണ്. ബ്ലെസിയുടെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ശശികുമാറും അടുത്തിടെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്തായാലും നടന്‍ എന്ന നിലയില്‍ തന്‍റെ പ്രകടനം സ്വയം വിലയിരുത്തിയ ശേഷം അഭിനയജീവിതം തുടരണമോ എന്ന് തീരുമാനിക്കാനാണ് ബ്ലെസി ആലോചിക്കുന്നത്. ‘നഗരം’ നിര്‍മ്മിക്കുന്നത് തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിക്രമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :