കാര്യസ്ഥന്‍ - എള്ളോളം പുതുമയില്ല

അജു ജെയിംസ്

WEBDUNIA|
PRO
ജനപ്രിയനായകന്‍ ദിലീപിന്‍റെ നൂറാം ചിത്രമായ കാര്യസ്ഥന്‍ തിയേറ്ററുകളിലെത്തി. ദിലീപിന്‍റെ ആരാധകരെ ലക്‍ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം, മറ്റൊരു ‘കല്യാണരാമന്‍’ സൃഷ്ടിക്കാനുള്ള വിഫല ശ്രമമാണ്. തോംസണ്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് ആദ്യ ദിനം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ തിയേറ്റര്‍ വിട്ടിറങ്ങുന്നവര്‍ ‘ശരാശരിച്ചിത്രം’ എന്ന അഭിപ്രായം നല്‍കുന്നു.

ദിലീപിന് ആടിത്തകര്‍ക്കാനുള്ള ഒരു പ്ലാറ്റ്ഫോമാണ് കാര്യസ്ഥനില്‍ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കല്യാണരാമനോ പഞ്ചാബി ഹൌസോ കണ്ടിട്ടുള്ളവര്‍ അതില്‍ക്കൂടുതലോ അത്രയെങ്കിലുമോ കാര്യസ്ഥനില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

പുത്തേഴത്തെന്നും കിഴക്കേടത്തെന്നും രണ്ടു തറവാടുകള്‍. മധുവും ജി കെ പിള്ളയുമാണ് ആ തറവാടുകളിലെ കാരണവന്‍‌മാര്‍. വളരെ സൌഹൃദത്തില്‍ ജീവിച്ചിരുന്ന ഇരു തറവാടുകളും ഒരു സംഭവത്തോടെ ശത്രുതയിലാകുന്നു. കിഴക്കേടത്ത് തറവാട്ടിലെ രാജനെ(സിദ്ദിഖ്) പുത്തേഴത്തെ പെണ്‍കുട്ടി(ലെന)യ്ക്കായി വിവാഹം ആലോചിക്കുന്നു. എന്നാല്‍ വിവാഹം അടുക്കുമ്പോള്‍ രാജന്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഒളിച്ചോടുന്നു. ലെന ആത്മഹത്യയില്‍ അഭയം തേടുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷവും ഈ ശത്രുത തുടരുകയാണ്. ഇത് അവസാനിപ്പിക്കാന്‍ രാജന്‍റെ മകന്‍ കൃഷ്ണനുണ്ണി(ദിലീപ്) തീരുമാനിക്കുകയാണ്. അയാള്‍ പുത്തേഴത്തെത്തി അവിടത്തെ കാര്യസ്ഥനായി ചുമതലയേല്‍ക്കുന്നു. കിഴക്കേടത്തും ഒരു കാര്യസ്ഥനുണ്ട്. സലിം‌കുമാര്‍ അവതരിപ്പിക്കുന്ന ദാസന്‍. ദിലീപിനൊപ്പം സഹായിയായി വടിവേലുവും(സുരാജ്) എത്തുന്നു.

തറവാട്ടിലെ ഇരട്ടകളായ ശ്രീബാല(അഖില)യുടെയും ശ്രീദേവി(നന്ദന)യുടെയും വിവാഹം മുടങ്ങുന്നതോടെ പ്രശ്നസങ്കീര്‍ണമായ മുഹൂര്‍ത്തങ്ങളിലേക്ക് കാര്യസ്ഥന്‍ പ്രവേശിക്കുകയാണ്. ദിലീപിന്‍റെയും സുരാജിന്‍റെയും പ്രകടനം തന്നെയാണ് സിനിമയുടെ ജീവന്‍. നായികയ്ക്കോ വലിയൊരു താരനിരയ്ക്കോ വെറുതെ വന്നുപോകാമെന്നല്ലാതെ കാര്യമായ റോളുകളൊന്നും സിനിമയിലില്ല. ഹരിശ്രീ അശോകന്‍റെ കഥാപാത്രത്തിന് ഇടയ്ക്കിടെ കൂവല്‍ സമ്മാനം കിട്ടി.

രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളൊരുക്കുന്നതില്‍ തിരക്കഥാകൃത്തുക്കള്‍ പരാജയപ്പെട്ടതാണ് കാര്യസ്ഥനെ കുഴപ്പത്തിലാക്കുന്നത്. നവാഗതനായ തോംസണ്‍ ഒരു നവാഗതന്‍റേതായ എല്ലാ പതര്‍ച്ചകളും പ്രകടമാക്കിയിരിക്കുന്നു എന്ന് പറയാം. ശരാശരിയിലൊതുങ്ങിയ ഒരു തിരക്കഥയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ചെറിയ ശ്രമം പോലും സംവിധായകന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

“ചുവടുവച്ചു പാടാം ശുഭരാത്രി” എന്ന ഗാനരംഗത്ത് പ്രശസ്ത സീരിയല്‍ അഭിനേതാക്കള്‍ ചുവടുവച്ചത് രസകരമായ അനുഭവമായി. ‘മലയാളിപ്പെണ്ണേ..’ എന്ന ഗാനവും അതിന്‍റെ ചിത്രീകരണവും മനോഹരമാണ്. ബേണി ഇഗ്നേഷ്യസാണ് കാര്യസ്ഥന് സംഗീതം നല്‍കിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് രാജസേനന്‍ സംവിധാനം ചെയ്ത ‘കഥാനായകന്‍’ എന്ന സിനിമയുമായി കാര്യസ്ഥന് നല്ല സാമ്യം തോന്നി. ഇംഗ്ലീഷ് ചിത്രങ്ങളുടെ പകര്‍പ്പുകളായെത്തുന്ന സമകാലീന മലയാള ചിത്രങ്ങള്‍ക്കിടയില്‍ അല്‍പ്പം ആശ്വാസം നല്‍കുന്നതാണ് കാര്യസ്ഥന്‍ എന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും പഴയ കുപ്പിയും വീഞ്ഞുമായി കറങ്ങി നടക്കുന്നതല്ലാതെ ദിലീപ് തന്‍റെ കരിയറില്‍ ഒരടി മുന്നോട്ടുവയ്ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം പറയാതെയും വയ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :