ദിലീപ് മുറിമൂക്കനാകുന്നു!

WEBDUNIA|
PRO
തന്‍റെ രൂപ ഭാവങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി സിനിമകളില്‍ പ്രത്യക്ഷപ്പെടാന്‍ എന്നും ഉത്സാഹം കാണിച്ചിട്ടുള്ള നടനാണ് ദിലീപ്. ഏഴരക്കൂട്ടം, കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, ചക്കരമുത്ത്, മായാമോഹിനി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ ദിലീപ് മറ്റൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്.

‘സൌണ്ട് തോമ’ എന്ന ചിത്രത്തില്‍ ദിലീപ് മുറിമൂക്കനായാണ് അഭിനയിക്കുന്നത്. മേക്കപ്പിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന പ്രൊജക്ടാണിത്. മാത്രമല്ല, ദിലീപ് തന്‍റെ ശബ്ദത്തിലും ഈ ചിത്രത്തില്‍ പരീക്ഷണം നടത്തുന്നുണ്ട്. ഒരു മുറിമൂക്കന്‍റെ ശബ്ദവ്യതിയാനങ്ങള്‍ ദിലീപ് തന്നെ ഡബ്ബ് ചെയ്യും.

ബെന്നി പി നായരമ്പലം തിരക്കഥ രചിക്കുന്ന ചിത്രത്തിനായി ദിലീപിന്‍റെ മേക്കപ്പ് ടെസ്റ്റുകള്‍ പൂര്‍ത്തിയായി. ‘ഫിനാന്‍ഷ്യലി സൌണ്ട് ആയ പശ്ചാത്തലത്തില്‍ നിന്ന് വരുന്നതുകൊണ്ടാണ് എന്ന പേര് ദിലീപിന്‍റെ കഥാപാത്രത്തിന് വന്നത്. ആധുനിക കാലത്തെ കുട്ടനാട്ടില്‍ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്” - ബെന്നി പി നായരമ്പലം വ്യക്തമാക്കി.

ചക്കരമുത്തില്‍ കൃത്രിമച്ചെവിയുണ്ടാക്കി വച്ച് വലിയ പരീക്ഷണം നടത്തിയ ചരിത്രമുണ്ട് ദിലീപിന്. കല്യാണരാമനില്‍ മുഖത്ത് വലിയ മേക്കപ്പ് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മുറിമൂക്കനും ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.

പോക്കിരിരാജ, സീനിയേഴ്സ്, മല്ലുസിംഗ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൌണ്ട് തോമ. ദിലീപ് ആദ്യമായാണ് വൈശാഖിന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :