മമ്മൂട്ടിയെയും ദിലീപിനെയും പൃഥ്വിയെയും വിഴുങ്ങി ‘തുപ്പാക്കി വിജയം’

WEBDUNIA|
PRO
കേരളക്കരയില്‍ തുപ്പാക്കിക്കൊടുങ്കാറ്റ്. നവംബര്‍ 13 മുതല്‍ 19 വരെയുള്ള ഒരാഴ്ച ‘തുപ്പാക്കി’ നേടിയ കളക്ഷന്‍ 4.65 കോടി രൂപ. മലയാള സിനിമകള്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കഷ്ടപ്പെടുന്ന സമയത്താണ് എ ആര്‍ മുരുഗദോസും ഇളയദളപതി വിജയും കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പൊന്ന് കൊയ്യുന്നത്.

മമ്മൂട്ടിച്ചിത്രമായ ജവാന്‍ ഓഫ് വെള്ളിമല, ദിലീപ് ചിത്രം മൈ ബോസ്, പൃഥ്വിരാജ് ചിത്രം അയാളും ഞാനും തമ്മില്‍ എന്നിവയെ കാഴ്ചക്കാരാക്കി മാറ്റിയാണ് തുപ്പാക്കി പണക്കൊയ്ത്ത് നടത്തിയത്. കേരളത്തില്‍ ഒരു അന്യഭാഷാ ചിത്രം നടത്തുന്ന രണ്ടാമത്തെ വലിയ പണവേട്ടയാണിത്. ഷങ്കര്‍ - രജനി ചിത്രമായ യന്തിരനാണ് ഇതിന് മുമ്പ് കേരള ബോക്സോഫീസില്‍ അത്ഭുതമായത്.

കേരളത്തില്‍ 124 തിയേറ്ററുകളിലാണ് തുപ്പാക്കി റിലീസായത്. മൂന്നാമത്തെ ദിവസം ‘തീവ്രം’ റിലീസിനായി 29 തിയേറ്ററുകള്‍ വിട്ടുകൊടുത്തു. എന്നിട്ടും ഒരാഴ്ച പിന്നിട്ടപ്പോല്‍ മലയാള സിനിമകളെ അതിശയിപ്പിച്ച് തുപ്പാക്കി അഞ്ചുകോടിയോളം രൂപ സ്വന്തമാക്കി. ആദ്യ ആഴ്ച വിതരണക്കാരുടെ ഷെയറായി 2.16 കോടി രൂപയാണ് തുപ്പാ‍ക്കി നേടിയിരിക്കുന്നത്.

ഒരു സമ്പൂര്‍ണ ആക്ഷന്‍ ത്രില്ലറാണ് തുപ്പാക്കി. തിയേറ്റര്‍ കുലുക്കുന്ന ഡയലോഗുകളൊന്നും ചിത്രത്തിലില്ല. എന്നാല്‍ സമീപകാലത്ത് തമിഴ് സിനിമാലോകം കണ്ട ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങള്‍ സിനിമയിലുണ്ട്. കണ്ണടച്ചുതുറക്കുന്നതിന് മുമ്പ് എതിരാളിയെ കീഴ്പ്പെടുത്തുന്ന വിജയ് മാജിക് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘ഏഴാം അറിവി’ല്‍ ഹീറോയിസം കുറഞ്ഞുപോയി എന്ന പരാതിക്ക് തുപ്പാക്കിയിലൂടെ മറുപടി നല്‍കുകയാണ് മുരുഗദോസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :