അഴിമതിക്കെതിരെ പോരാടാന്‍ മോഹന്‍ലാലിന് 8 ലുക്കുകള്‍!

WEBDUNIA|
PRO
അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ‘ലോക്പാല്‍’ എന്ന പുതിയ സിനിമയിലാണ് മോഹന്‍ലാലിന്‍റെ അഴിമതി വിരുദ്ധ കഥാപാത്രം. നന്ദഗോപാല്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ആളൊരു ഫുട്കോര്‍ട്ട് നടത്തുകയാണ്.

എന്നാല്‍ ഹോട്ടല്‍ ബിസിനസിന്‍റെ മറവില്‍ അയാള്‍ ഒരു വലിയ കള്ളനാണ്. അയാളുടെ മോഷണങ്ങള്‍ക്ക് ഇരയാകുന്നതെല്ലാം സമൂഹത്തിലെ വന്‍‌തോക്കുകളായിരിക്കും. ഒരുതരത്തില്‍, അഴിമതിക്കെതിരെയുള്ള നന്ദഗോപാലിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ് ഈ മോഷണങ്ങള്‍.

എസ് എന്‍ സ്വാമിയുടെ രചനയില്‍ ജോഷി സംവിധാനം ചെയ്യുന്ന ലോക്പാലില്‍ മോഹന്‍ലാലിന് എട്ട് ലുക്കുകളാണ് ഉള്ളത്. “സമൂഹത്തിലെ അഴിമതികള്‍ കാരണം നന്ദഗോപാലിന്‍റെ ജീവിതത്തില്‍ മുമ്പ് ഒട്ടേറെ ദുരന്തങ്ങള്‍ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അഴിമതിക്കെതിരെ പോരാട്ടത്തിന് അയാള്‍ തയ്യാറാകുന്നത്. അഴിമതിക്കെതിരായ ഓരോ നീക്കങ്ങള്‍ക്കും അയാള്‍ക്ക് ഓരോ ഗെറ്റപ്പാണ് ഉള്ളത്” - തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വെളിപ്പെടുത്തി.

ലിജു പാപ്പനം‌കോടാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന് വ്യത്യസ്തമായ മേക്കപ്പുകള്‍ നല്‍കുന്നത്. പിന്‍‌ഗാമി, പട്ടണപ്രവേശം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാല്‍ പല ഗെറ്റപ്പുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയില്‍ എട്ട് ലുക്കുകള്‍ മോഹന്‍ലാല്‍ പരീക്ഷിക്കുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ ലാല്‍ ഏറെ ആവേശത്തിലുമാണ്.

കാവ്യാ മാധവനാണ് ലോക്പാലിലെ നായിക. റണ്‍ ബേബി റണ്ണിന്‍റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും ജോഷിയും വീണ്ടും കൈകോര്‍ക്കുകയാണ്. കൂട്ടിന് എസ് എന്‍ സ്വാമി കൂടിയാകുമ്പോള്‍ ‘നാടുവാഴികള്‍’ പോലെ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :