കുഞ്ഞിക്കൂനനെ നേപ്പാള്‍ അടിച്ചുമാറ്റി!

WEBDUNIA|
PRO
ഹോളിവുഡ് സിനിമകള്‍ ആധാരമാക്കി മലയാളത്തില്‍ സിനിമകള്‍ വരുന്നത് അത്ര പുതുമയുള്ള കാര്യമല്ല. പല ഹോളിവുഡ് സിനിമകളും പതിവായി മലയാളത്തിലേക്ക് മോഷ്ടിക്കപ്പെടുന്നുണ്ട് എന്നത് വാസ്തവം. ചില മലയാള ചിത്രങ്ങള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് പകര്‍ത്തപ്പെടുന്നതും പതിവുകാര്യം തന്നെ. എന്നാല്‍, മോഷണത്തിന് ഇതാ മറ്റൊരു മുഖം.

മലയാളത്തിലെ ഒരു ചിത്രം നേപ്പാള്‍ ഭാഷയിലേക്ക് അടിച്ചുമാറ്റപ്പെട്ടിരിക്കുന്നു. മോഷണം എന്നുപറഞ്ഞാല്‍, നല്ല ഗംഭീര മോഷണം. ശശിശങ്കര്‍ സംവിധാനം ചെയ്ത ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രമാണ് ഒരു ഷോട്ട് പോലും വ്യത്യാസമില്ലാതെ നേപ്പാള്‍ ഭാഷയിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ‘സുന്ദര്‍ മേരോ നാം’ എന്നാണ് ഈ സിനിമയുടെ പേര്.
PRO


ശാരീരികവൈകല്യമുള്ള കുഞ്ഞിക്കൂനന്‍ അന്ധയായ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നതും ഏറെ പ്രതിസന്ധികള്‍ മറികടന്ന് അവളെ സ്വന്തമാക്കുന്നതുമാണ് ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിന്‍റെ പ്രമേയം. ശശിശങ്കര്‍ തന്നെ ‘പേരഴകന്‍’ എന്ന പേരില്‍ ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നാണ് ഈ സിനിമ നേപ്പാളിലേക്ക് മോഷ്ടിച്ചതെന്ന് വ്യക്തമാണ്. കാരണം മലയാളത്തിലെ കുഞ്ഞിക്കൂനന്‍ നേപ്പാളില്‍ അതേപടി പകര്‍ത്തിവച്ചിരിക്കുകയാണ്.

ദിലീപ് മലയാളത്തിലും തമിഴിലും അനശ്വരമാക്കിയ കുഞ്ഞിക്കൂനന്‍ എന്ന കഥാപാത്രത്തെ ദീപക് രാജ് ഗിരി എന്ന മിനിസ്ക്രീന്‍ കൊമേഡിയനാണ് നേപ്പാളില്‍ അവതരിപ്പിക്കുന്നത്. കുഞ്ഞിക്കൂനന്‍റെ മാനറിസങ്ങള്‍ ഒരു മാറ്റവുമില്ലാതെ അനുകരിച്ചിരിക്കുകയാണ് ഈ നടന്‍. വിജയ താപ എന്നയാളാണ് സുന്ദര്‍ മേരോ നാം സംവിധാനം ചെയ്തിരിക്കുന്നത്. ‘കഥ, തിരക്കഥ, സംഭാഷണം - വിജയ താപ’ എന്ന് ടൈറ്റില്‍ കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു ഉളുപ്പുമില്ലാത്ത മോഷണം എന്ന് പറയാതെ വയ്യ.
PRO


സാങ്കേതികമായി മികച്ച സിനിമകളായിരുന്നു കുഞ്ഞിക്കൂനനും പേരഴകനും. എന്നാല്‍ ഈ ചിത്രം നേപ്പാളി ഭാഷയിലേക്ക് പകര്‍ത്തിയവരാകട്ടെ സാങ്കേതികനിലവാരം തീരെയില്ലാതെയാണ് ചിത്രമൊരുക്കിയത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും ശബ്ദസങ്കലനവുമെല്ലാം ടെലിവിഷന്‍ സീരിയലിനെക്കാള്‍ നിലവാരം കുറഞ്ഞതാണ്.

എന്തായാലും, ഇന്ത്യന്‍ പ്രാദേശികഭാഷകളിലെ മികച്ച സിനിമകള്‍ മറ്റു രാജ്യങ്ങളിലെ സിനിമക്കാര്‍ ചൂണ്ടുന്നത് നീതീകരിക്കാനാവില്ലെങ്കിലും കുറ്റപ്പെടുത്താനുമാകില്ല. കാരണം, നമ്മുടെ പല പ്രശസ്തരായ സംവിധായകര്‍ ചെയ്യുന്നതും ഏതാണ്ട് ഇതൊക്കെത്തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :