അപർണ|
Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (08:07 IST)
കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വിയോഗത്തിൽ അന്തിച്ച് നിൽക്കുകയാണ് ബന്ധുക്കൾ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ് ഭാര്യ ലക്ഷ്മി. ഇവരുടെ മകൾ തേജസ്വിനി നേരത്തേ മരിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് കണ്ണ് തുറന്ന് ബാലുവിനേയും ജാനിമോളെയും അന്വേഷിക്കുമ്പോൾ ലക്ഷ്മിയോട് എന്ത് പറയണമെന്ന് അറിയാതെ ഉഴലുകയാണ് ബന്ധുക്കൾ.
ബാലുവിന്റേയും ജാനിമോളുടേയും വിയോഗം അറിയുമ്പോൾ ലക്ഷ്മി അത് എങ്ങനെ താങ്ങുമെന്ന് അറിയില്ലെന്നും ഭയത്തോടെയാണ് അത് ചിന്തിക്കുന്നതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ.
ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു .
കുറച്ച് ദിവസമേ അതുണ്ടായുള്ളൂ .. പിന്നീട് അവളത് ദാദാ എന്നാക്കി .. പിന്നെ കുറെ മാസങ്ങൾ പാപ്പാ എന്നാ വിളിക്കാറ് .ഭാര്യ എന്നെ ഇക്കാന്ന് വിളിക്കുന്നത് കേട്ട് അവൾക്കും ഞാനിപ്പൊ 'ഇക്ക'യായി.
ഭാര്യ പറയാറുണ്ട് പലപ്പോഴും ഉറക്കത്തിലവൾ ഇക്കാന്ന് വിളിക്കാറുണ്ടത്രെ.. രാവിലെ ഉറക്കമെഴുനേൽക്കുമ്പോൾ ഞാനടുത്തുണ്ടെങ്കിൽ കരയാതെ ചിരിച്ചോണ്ട് എഴുന്നേക്കാറുണ്ട് .. (ഇന്ന് രാവിലെയും)
ഇക്ക കുളിപ്പിക്കുമ്പോ കരയാറില്ല .. സോപ്പിന്റെ പതയിൽ നിന്ന് കുമിളകളുണ്ടാക്കുന്നത് വിരല് കൊണ്ട് കുത്തി പൊട്ടിച്ച് പൊട്ടിച്ചിരിക്കാറുമുണ്ട് .. ഉടുപ്പിടാനും കളിക്കാനും ഷൂ ഇടാനും യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങാനും ഉമ്മ മരുന്ന് കൊടുക്കുമ്പോ രക്ഷപെടാനും മൊബൈലിൽ കളിക്കാനും ഇടയ്ക്ക് ഞാൻ അവളറിയാതെ പോയിപ്പോവുമോന്ന് കരുതിയുമെല്ലാം ഒരു 100 തവണ അവളെന്നെ ഇക്കാ ഇക്കാ വിളിച്ചോണ്ട് നടക്കും .. എപ്പോഴും കൂടെയുണ്ടാവാൻ പറ്റാറില്ലെങ്കിലും ഉള്ള സമയത്തെ തോന്നലുകളെ കുറിക്കാൻ വാക്കുകൾ പോരാതെ വരും ..
ഞാനിത്രയും പറഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ..ബാലുവിന്റെ മരണം അറിഞ്ഞാണ് ഇന്നുണർന്നത്.. 2 വയസ്സ് പ്രായമായൊരു പെൺകുഞ്ഞിന്റെ പിതാവിന്റെ തോന്നലുകൾ എനിക്ക് മനസ്സിലാവും.. ഒരു പക്ഷെ 16 വർഷം കാത്തിരുന്ന കിട്ടിയ തേജ്വസിനി ബാലുവിനെത്രമാത്രം പ്രിയപെട്ടതാവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടിയായിരിക്കണം മനസ്സ് പറയുന്നത് ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയിൽ അലിഞ്ഞ് ചേർന്നതായിരിക്കാമെന്ന്.. അവൾക്കൊപ്പം തുടരാൻ.. തുടർന്നും സ്നേഹിക്കാൻ വാരിക്കോരി കൊടുത്ത് മതി വരാതെ ..വയലിൻ കയ്യിലെടുക്കുമ്പോൾ നമ്മളൊക്കെ അതിൽ ബാലുവിനൊപ്പം അലിയാറുള്ളതിനേക്കാൾ ആയിരം മടങ്ങ് തീവ്രതയോടെ ബാലു മകളോടൊപ്പം യാത്ര തുടരുന്നു ..
ബാലുവിന്റെ പ്രിയ പത്നി ലക്ഷ്മി..തേജ്വസിനിയെ നൊന്ത് പ്രസവിച്ച അമ്മ...പേടി തോന്നുന്നു അവരെ കുറിച്ചോർക്കാൻ.. ഈ വേർപാടുകൾ അവരറിയുന്ന നിമിഷത്തെ കുറിച്ചോർക്കാൻ ...