സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ ഗോള്‍ഡ്മാന്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 9 ജൂണ്‍ 2010 (14:50 IST)
രാജ്യത്തെ പ്രമുഖ വിമാന സര്‍വീസ് കമ്പനിയായ സ്‌പൈസ്‌ജെറ്റിന്റെ ആറ് ശതമാനം ഓഹരി ഗോള്‍ഡ്മാന്‍ സാക്‌സ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സ് മൗറീഷ്യസ് സ്വന്തമാക്കി. 2008 ഡിസംബറില്‍ വാങ്ങിയ 1.5 കോടി വാറന്റുകള്‍ ഓഹരികളാക്കി മാറ്റിക്കൊണ്ടാണിത്.

സ്പൈസ് ജെറ്റിന്റെ 1.53 കോടി ഓഹരികളാണ് ഗോള്‍ഡ്മാന്‍ വാങ്ങിയത്. പത്തു രൂപ മുഖ വിലയുള്ള ഓഹരി 29.46 രൂപ പ്രീമിയത്തിലാണ് നല്‍കിയിരിക്കുന്നതെന്ന് സ്പൈസ് ജെറ്റ് ബി എസ് ഇയില്‍ അറിയിച്ചു.

ചെലവ് കുറഞ്ഞ സേവനം നല്‍കുന്ന കമ്പനി കൂടിയായ സ്പൈസ് ജെറ്റിന് അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ കമ്പനി വന്‍തോതിലുള്ള വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. സാര്‍ക്ക് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് കേന്ദ്രത്തില്‍ നിന്ന് സ്പൈസ് ജെറ്റിന് അനുമതി ലഭിച്ചിരിക്കുന്നത്.

2010 വര്‍ഷത്തില്‍ അഞ്ച് പുതിയ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുമെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി 355 കോടി രൂപയുടെ പദ്ധതി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സ്‌പൈസ്‌ജെറ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :