ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 28 മാര്‍ച്ച് 2015 (09:32 IST)
രാജ്യത്തെ സമ്പന്നര്‍ പാചകവാതക സബ്‌സിഡി വേണ്ടെന്നു വയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ന്യൂഡല്‍ഹിയില്‍ ‘ഊര്‍ജസംഗമം’ പരിപാടി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പന്നരായ 2.8 ലക്ഷം ഉപഭോക്താക്കള്‍ സബ്‌സിഡി സിലിണ്ടര്‍ വേണ്ടെന്നു വെച്ചാല്‍ 100 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്പന്നര്‍ സബ്‌സിഡി ഒഴിവാക്കുന്നതിലൂടെ ലഭിക്കുന്ന തുക പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. 2022 ഓടെ ഊര്‍ജ ഇറക്കുമതി 10 ശതമാനം കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്‌ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഒരു കോടി വീടുകളില്‍ പൈപ്പിലൂടെ പാചകവാതകം നല്‍കാനാണ് എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നത്. നിലവില്‍ 27 ലക്ഷം വീടുകളില്‍ മാത്രമാണ് പൈപ്പു വഴി പാചകവാതകം എത്തിക്കുന്നത്.
'ജന്‍ധന്‍ യോജന' മുഖേന പുതുതായി ആരംഭിച്ച 12 കോടി ബാങ്ക് അക്കൗണ്ടുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് നേരിട്ട് സബ്‌സിഡി നല്‍കുന്നതിനാല്‍ അഴിമതി ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് ആവശ്യമായ ഊര്‍ജ്ജത്തില്‍ 77 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇതില്‍ പത്തുശതമാനം കുറയ്ക്കാനാണ് തീരുമാനം.