എസ്.ബി.ഐക്ക് 11111 ശാഖകള്‍

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 5 ജനുവരി 2009 (17:24 IST)
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളുടെ എണ്ണം 11,111 ആയി വര്‍ദ്ധിച്ചു. 2009 ജനുവരി രണ്ടാം തീയതി അസമിലെ കാമരൂപില്‍ ബാങ്കിന്‍റെ ഏറ്റവും പുതിയ ശാഖയുടെ ഉദ്ഘാടനം കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഉദ്ഘാടനം ചെയ്തു.

ഇതിനൊപ്പം പൊതുമേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ മൊത്തം ബാങ്ക് ശാഖകളുടെ എണ്ണം 15,600 ലേറെ ആയി. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ ഇപ്പോള്‍ മൊത്ത് 6 ബാങ്കുകളാണുള്ളത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാങ്കിംഗ് ശാഖകളുള്ളവയില്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് ഇപ്പോള്‍ രണ്ടാം സ്ഥാനമാണുള്ളത്. പതിനേഴായിരത്തോളം ശാഖകളുള്ള ഇന്‍ഡസ്ട്രിയല്‍ ആന്‍റ് കൊമേഴ്സ്യല്‍ ബാങ്ക്‌ ഓഫ്‌ ചൈനയാണ് ഈയിനത്തില്‍ ഒന്നാമതുള്ളത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ ബാലന്‍സ്‌ഷീറ്റ് ഒന്‍പതു ലക്ഷം കോടി രൂപയുടേതാണ്‌. ഫോര്‍ച്യൂണ്‍ പട്ടികയില്‍ എസ്ബിഐക്ക് അഞ്ഞൂറാം സ്ഥാനമാണുള്ളത്.

2008 മാര്‍ച്ചില്‍ തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ പുതുവയല്‍ ഗ്രാമത്തില്‍ എസ്ബിഐയുടെ പതിനായിരാമത്തെ ശാഖ ഉദ്ഘാടനം ചെയ്‌തതും ചിദംബരം തന്നെയായിരുന്നു. ബാങ്കിലെ ജീവനക്കാരുടെ എണ്ണം ഒന്നര ലക്ഷത്തിലേറെയാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍റ് ജയ്‌പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ബാങ്കുകള്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ എസ്.ബി.ഐ യില്‍ ലയിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :