ആദ്യ ലേബര്‍ബാങ്ക് അകത്തേത്തറയില്‍

PROPRO
സംസ്ഥാനത്തെ ആദ്യത്തെ ലേബര്‍ബാങ്ക്‌ പാലക്കാട് ജില്ലയിലെ അകത്തേത്തറയില്‍ യാഥാര്‍ത്ഥ്യമാകുന്നു. തൊഴിലാളിക്ഷാമം രൂക്ഷമായ കേരളത്തില്‍ തൊഴിലുറപ്പ്‌ മിഷന്‍റെ നേതൃത്വത്തിലാണ് ലേബര്‍ബാങ്ക്‌ രൂപീകരിക്കുന്നത്.

അകത്തേത്തറ പഞ്ചായത്തിലെ 700 തൊഴിലാളികളെ അംഗങ്ങളാക്കിക്കൊണ്ടാണ് ലേബര്‍ബാങ്ക്‌ വരുന്നത്. ഇതുസംബന്ധിച്ച്‌ ഈ മാസം 15 ന്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ലേബര്‍ബാങ്കിന്‍റെ ബൈലോയും സര്‍ക്കാര്‍ അംഗീകരിച്ചു. തൊഴിലുറപ്പ്‌ പദ്ധതിയിലും കുടുംബശ്രീയിലും പ്രവര്‍ത്തിക്കുന്നവരാണ്‌ ലേബര്‍ ബാങ്കിലുണ്ടാവുക.

രൂക്ഷമായ തൊഴിലാളിക്ഷാമം കണക്കിലെടുത്ത്‌ ഓരോ പഞ്ചായത്തിലും ഒരു ലേബര്‍ബാങ്ക്‌ രൂപവത്‌കരിക്കണമെന്ന്‌ സര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ്‌ മിഷന്‌ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാലക്കാട്‌, വയനാട്‌ ജില്ലകളില്‍ ഓരോ പഞ്ചായത്തിലും മാതൃകാ ലേബര്‍ബാങ്കുകള്‍ സ്ഥാപിക്കാന്‍ തൊഴിലുറപ്പ്‌ മിഷന്‍ തീരുമാനിച്ചെങ്കിലും പാലക്കാട്ടാണ്‌ ആദ്യം തുടങ്ങുന്നത്‌.

അയല്‍ക്കൂട്ടങ്ങളുടെ തലത്തില്‍ ലേബര്‍ ടീം, വാര്‍ഡ്‌തലത്തില്‍ ലേബര്‍ സമിതി, പഞ്ചായത്ത്‌ തലത്തില്‍ ലേബര്‍ ബാങ്ക്‌ എന്നിങ്ങനെ മൂന്ന്‌ തട്ടുകളായാണ്‌ ലേബര്‍ബാങ്ക്‌ പ്രവര്‍ത്തിക്കുക. ലേബര്‍ടീമില്‍ 10 മുതല്‍ 20 പേരുണ്ടാവും. ഇവരില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവരാണ്‌ വാര്‍ഡുതല ലേബര്‍ സമിതിയിലെ അംഗങ്ങള്‍.

ഓരോ വാര്‍ഡിലെയും ലേബര്‍സമിതിയില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ലേബര്‍ബാങ്കിന്‍റെ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കും. തൊഴിലുറപ്പ്‌ പദ്ധതിയുടെ കീഴില്‍ ആദ്യമായി സോഷ്യല്‍ ഓഡിറ്റിങ്‌ നടത്തിയ പഞ്ചായത്താണ്‌ അകത്തേത്തറ. നിലവില്‍ ഇവിടെ 50 പേരുടെ തൊഴില്‍സേന പ്രവര്‍ത്തിക്കുന്നുണ്ട്.

ലേബര്‍ ബാങ്ക് കാര്‍ഷികമേഖലയ്‌ക്കായിരിക്കും മുന്‍ഗണന നല്‍കുന്നത്‌. തൊഴിലാളികളെ ആവശ്യമുള്ളവര്‍ ബാങ്കില്‍ അറിയിക്കുക മാത്രം ചെയ്‌താല്‍ മതി. ലേബര്‍ബാങ്കിലെ അംഗങ്ങള്‍ക്ക്‌ ഈ മാസം അവസാനം പരിശീലനം നല്‍കുമെന്ന്‌ അധികൃതര്‍ പറഞ്ഞു. അതിനുശേഷം ഔദ്യോഗിക പ്രഖ്യാപനം നടക്കും.

പാലക്കാട്| M. RAJU|
അകത്തേത്തറയിലെ പരീക്ഷണം വിജയിച്ചാല്‍ എല്ലാ പഞ്ചായത്തുകളിലും ലേബര്‍ബാങ്ക്‌ ആരംഭിക്കാനാണ്‌ സര്‍ക്കാരിന്‍റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :