ബാങ്ക് പണിമുടക്ക്: ട്രഷറികള്‍ സ്തംഭിക്കും

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2008 (09:47 IST)
ബാങ്കിങ്‌ മേഖലയിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍ ബുധനാഴ്‌ച ആരംഭിച്ച ദേശീയപണിമുടക്ക് തുടരുന്നു. പണിമുടക്ക് കേരളത്തിലും പൂര്‍ണമാണ്.

സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബാങ്ക്‌ ഇടപാടുകളും ക്ലിയറിങ്‌ ഹൗസുകളുടെ പ്രവര്‍ത്തനവും പൂര്‍ണമായി സ്‌തംഭിച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്‌തംഭിച്ചതിനെ തുടര്‍ന്ന്‌ സംസ്ഥാനത്തെ ട്രഷറികളും ഭാഗികമായി മാത്രമാണ്‌ ബുധനാഴ്‌ച പ്രവര്‍ത്തിച്ചത്‌. പണിമുടക്ക്‌ ഇന്നും തുടരുന്നതിനാല്‍ ട്രഷറികളുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്‌തംഭിക്കാനാണ്‌ സാധ്യത.

ബാങ്ക്‌ സമരം ഉണ്ടാകുമ്പോള്‍ മുന്‍കാലത്ത്‌ ട്രഷറികളില്‍ മുന്‍കൂര്‍ കൂടുതല്‍ പണം സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ മുന്‍കരുതല്‍ എടുക്കാത്തതാണ്‌ ട്രഷറികളുടെ പ്രവര്‍ത്തനം അവതാളത്തിലാകാന്‍ കാരണമെന്ന്‌ ജീവനക്കാര്‍ പറയുന്നു. എ.ടി.എം സെന്‍ററുകള്‍ വഴി പണമിടപാട നടത്താമെന്ന് ബാങ്കുകള്‍ അറിയിച്ചെങ്കിലും ഇതും അവതാളത്തിലായിരിക്കുകയാണ്.

മിക്ക എ.ടി.എം സെന്‍ററുകളും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കാലിയായി. ഇത് ഇടപാടുകാര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബാങ്ക്‌ സ്വകാര്യവത്‌കരണ നീക്കം ഉപേക്ഷിക്കുക, ബാങ്ക്‌ ലയനം റദ്ദാക്കുക, ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി കുറയ്‌ക്കാനുള്ള ശുപാര്‍ശകള്‍ തള്ളിക്കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ബാങ്ക്‌ ജീവനക്കാര്‍ പണിമുടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :