ലീമാന്‍ ആസ്തി ഏറ്റെടുക്കില്ല: എസ്‌ബി‌ഐ

മുംബൈ| WEBDUNIA|

സാമ്പത്തിക പ്രതിസന്ധി നേരിട്ട അമേരിക്കയിലെ പ്രസിദ്ധ ധനകാര്യ സ്ഥാപനമായ ലേമാന്‍ ബ്രദേഴ്സിന്‍റെ ഇന്ത്യയിലെ ആസ്തികള്‍ ഏറ്റെടുക്കാന്‍ ആലോചനയില്ലെന്ന് പൊതുമേഖലയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഇത്തരമൊരു ആലോചനയില്ലെന്നാണ് ബാങ്ക് വക്താവ് പറഞ്ഞത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പോലുള്ള വിദേശ ബാങ്കുകളും ഇത്തരമൊരു ആലോചനയുമായി മുന്നോട്ടില്ലെന്നാണ് സൂചന.

മാധ്യമങ്ങളില്‍ സ്റ്റാഞ്ചാര്‍ട്ട് ലേമാന്‍ ബ്രദേഴ്സ് ആസ്തി ഏറ്റെടുക്കുന്നു എന്ന വാര്‍ത്ത സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നാണ് സ്റ്റാന്‍‌ചാര്‍ട്ടിന്‍റെ ഇന്ത്യന്‍ തലവന്‍ നീരജ് സ്വരൂപ് പറയുന്നത്.

ഇവര്‍ക്കൊപ്പം വിദേശ ബാങ്കുകളായ ബാര്‍ക്ലെയ്സ്, ബി.എന്‍.പി പരിബാസ് എന്നിവയും ഇത്തരമൊരു നീക്കത്തിനില്ലെന്നാണ് സൂചന. എങ്കിലും ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാവും എന്നാണ് അറിയുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്കയിലെ സെക്യൂരിറ്റീസ് മേഖലയിലെ നാലാം സ്ഥാനത്തുള്ള ലേമാന്‍ ബ്രദേഴ്സ് കഴിഞ്ഞ ആഴ്ച പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് കമ്പനിയുടെ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള ആസ്തികള്‍ ഏറ്റെടുക്കാന്‍ വിവിധ ഏജന്‍സികളെയോ ധനകാര്യ സ്ഥാപനങ്ങളെയോ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നത്.

എങ്കിലും കമ്പനിയുടെ ചില രാജ്യങ്ങളിലെ 1.75 ബില്യന്‍ ഡോളറിനു തുല്യമായ ആസ്തി ഏറ്റെടുക്കാന്‍ ബാര്‍ക്ലെയ്സ് ബാങ്ക് തയ്യാറായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :