ഓസീസില്‍ മൂന്ന് ഇന്ത്യക്കാരെ ബാറില്‍ തടഞ്ഞു

മെല്‍ബോണ്‍| WEBDUNIA| Last Modified ശനി, 16 ജനുവരി 2010 (13:10 IST)
PRO
മൂന്ന് ഇന്ത്യക്കാരടക്കം ആറ് ദക്ഷിണേഷ്യന്‍ യുവാക്കളെ മെല്‍ബണിലെ ഒരു ബാറില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.

ബുധനാഴ്ച ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന അഭിഷേക് അഗര്‍വാള്‍ സുഹൃത്തുക്കളോടൊപ്പം മെല്‍ബോണ്‍ സെന്‍റര്‍ ലയണ്‍ ഹോട്ടലിലെത്തിയപ്പോഴാണ് ബാര്‍ അധികൃതര്‍ ഇവരെ തടഞ്ഞത്. യാതൊരു വിശദീകരണവും നല്‍കാന്‍ ബാര്‍ ഉടമകള്‍ തയ്യാറായില്ലെന്നും സംഘത്തിലുണ്ടായിരുന്ന നേപ്പാള്‍ സ്വദേശി സുജന്‍ പതക് പറഞ്ഞു. തങ്ങള്‍ക്ക് പിറകിലെത്തിയ നിരവധിപേരെ ഉള്ളിലേക്ക് കടത്തിവിട്ടതായും ഇവര്‍ പറഞ്ഞു.

“ഞങ്ങള്‍ മദ്യപിച്ചിരുന്നില്ല. മാന്യമായാണ് വസ്ത്രം ധരിച്ചിരുന്നത്. പ്രായം തെളിയിക്കുന്ന രേഖകള്‍ ഞങ്ങള്‍ കൈവശം വച്ചിരുന്നു. എങ്കിലും അവര്‍ ഞങ്ങള്‍ക്ക് യാതൊരു കാരണവും കാണിക്കാതെ പ്രവേശനം നിഷേധിച്ചു. ഞങ്ങള്‍ പത്ത് മിനിറ്റ് അവിടെ കാത്തുനിന്നെങ്കിലും ഹോട്ടല്‍ അധികൃതരുടെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവുമുണ്ടായില്ല” - അഗര്‍വാള്‍ പറഞ്ഞു.

തങ്ങള്‍ പൊലീസിനെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഇത് വംശീയ പ്രശ്നമല്ലെന്നും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും പറഞ്ഞ് പൊലീസ് കൈയ്യൊഴിയുകയായിരുന്നെന്നും ഇവര്‍ അറിയിച്ചു. ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്ത്യ-ഓസീസ് നയതന്ത്ര ബന്ധത്തെ ഇത് ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണം സംബന്ധിച്ച നൂറോളം കേസുകളാണ് 2009ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 2008ല്‍ ഇത് 17 എണ്ണം മാത്രമായിരുന്നു. അതേസമയം രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ വംശീയ അതിക്രമമായി കാണാനാവില്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ അവ പെരുപ്പിച്ചുകാട്ടുകയുമാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :