വിശാലകൊച്ചിയില്‍ വികസന പദ്ധതിക്ക് വിലക്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 14 ജനുവരി 2010 (13:02 IST)
PRO
മാലിന്യപ്രശ്നം രൂക്ഷമാണെന്ന് ചൂണ്ടിക്കാണിച്ച് വിശാലകൊച്ചിയില്‍ പുതിയ വ്യവസായ പദ്ധതികള്‍ തുടങ്ങുന്നതിന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ നാല്‍‌പത്തിമൂന്ന് നഗരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് വിശാലകൊച്ചി വ്യവസായ മേഖലയും ഉള്‍പ്പെട്ടത്.

രാജ്യത്തെ എണ്‍‌പത്തിയെട്ട് വ്യവസായ മേഖലകളിലെ മലിനീകരണത്തെക്കുറിച്ച് പഠിച്ച കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. എഴുപത് ശതമാനത്തിന് മുകളില്‍ മാലിന്യപ്രശ്നമുള്ള മേഖലകളില്‍ പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പരിസ്ഥിതി മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

എട്ടുമാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയാണ് ഈ കാലാവധി. ഓഗസ്റ്റില്‍ ബോര്‍ഡ് വീണ്ടും പരിശോധന നടത്തും. ഇതിനുശേഷം പരിസ്ഥിതി മന്ത്രാലയം തീരുമാനത്തില്‍ മാറ്റം വരുത്തണോ എന്ന് പരിശോധിക്കും.

നിലവില്‍ വിലക്കേര്‍പ്പെടുത്തിയ മേഖലകളില്‍ പുതിയ വ്യവസാ‍യത്തിന് നല്‍കിയ അപേക്ഷകള്‍ തിരിച്ചയയ്ക്കുകയോ നിരസിക്കുകയോ ചെയ്യണമെന്നും ബോര്‍ഡ് പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലകള്‍ മാലിന്യമുക്തമാക്കാനായി അടുത്ത ബജറ്റില്‍ ശുചിത്വഫണ്ടെന്ന പേരില്‍ തുക അനുവദിക്കാന്‍ പരിസ്ഥിതി മന്ത്രാലയം ധനമന്ത്രാലയത്തോടു ശുപാര്‍ശ ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :