ഷോര്‍ട്സ് മതി; വനിതാതാരങ്ങള്‍ മിനിസ്കേര്‍ട്ട് ധരിക്കേണ്ട

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഷോര്‍ട്സിനു പകരം മിനി സ്കേര്‍ട്ട് ധരിക്കണം എന്ന നിര്‍ദ്ദേശം ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ തല്‍ക്കാലം പിന്‍‌വലിച്ചു. മിനി സ്കേര്‍ട്ട് ധരിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഫെഡറേഷന്റെ ഈ തീരുമാനം. വനിതാ ബാഡ്മിന്റണ്‍ താരങ്ങളുടെ ഡ്രസ് കോഡിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുമെന്ന് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.

കളിയുടെ ആകര്‍ഷകത്വം കൂട്ടാന്‍ വേണ്ടിയാണ് വനിതാതാരങ്ങള്‍ സ്കേര്‍ട്ട് ധരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കണം എന്ന നിര്‍ദ്ദേശം നേരത്തെ പുറപ്പെടുവിച്ചിരുന്നത്. മെയ് ഒന്നു മുതല്‍ ഫെഡറേഷന്റെ എല്ലാ മത്സരങ്ങളിലും വനിതാ താരങ്ങള്‍ നിര്‍ബന്ധമായും സ്കേര്‍ട്ട് ധരിക്കണം എന്നാണ് ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നത്. എതിര്‍പ്പിനെ തുടര്‍ന്ന്, ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് ജൂണിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍, വസ്ത്രധാരണ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതിനെതിരെ വനിതാ താരങ്ങളും ദേശീയ വനിതാ കമ്മിഷനും രംഗത്ത് എത്തി. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ കളിക്കാനിറങ്ങുമ്പോള്‍ സ്‌കേര്‍ട്ട് നിര്‍ബന്ധമാക്കുന്നത് ശരിയല്ലെന്നും ആരോപണമുണ്ടായിരുന്നു. ഫെഡറേഷന്‍ തീരുമാനം തീര്‍ത്തും അപലപനീയമാണെന്നായിരുന്നു വനിതാ കമ്മിഷന്റെ നിലപാട്. മിനി സ്കേര്‍ട്ട് ധരിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് ഫെഡറേഷന്‍ പുതിയ ഡ്രസ് കോഡ് നടപ്പിലാക്കുന്നതില്‍ നിന്ന് പിന്‍‌മാറുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :