കുട്ടിപ്പാവാടയ്ക്കെതിരെ വനിതാ താരങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ മത്സരങ്ങളില്‍ ഷോര്‍ട്സിനു പകരം മിനി സ്കേര്‍ട്ട് ധരിക്കണം എന്ന ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ നിര്‍ദ്ദേശം പ്രതിഷേധത്തിനു കാരണമാവുന്നു. കളിയുടെ ആകര്‍ഷകത്വം കൂട്ടാന്‍ വേണ്ടിയാണ് വനിതാ താരങ്ങള്‍ സ്കേര്‍ട്ട് ധരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കണം എന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മെയ് ഒന്നു മുതല്‍ ഫെഡറേഷന്റെ എല്ലാ മത്സരങ്ങളിലും വനിതാ താരങ്ങള്‍ നിര്‍ബന്ധമായും സ്കേര്‍ട്ട് ധരിക്കണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍, വസ്ത്രധാരണ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതിനെതിരെ വനിതാ താരങ്ങളും ദേശീയ വനിതാ കമ്മീഷനും രംഗത്ത് എത്തി. ഫെഡറേഷന്‍ തീരുമാനം തീര്‍ത്തും അപലപനീയമാണെന്നാണ് വനിതാ കമ്മീഷന്റെ നിലപാട്.

ഇന്ത്യന്‍ താരങ്ങളായ നെഹ്‌വാളും ജ്വാല ഗുട്ടയും ഇത്തരം തീരുമാനങ്ങള്‍ കളിക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ വിമര്‍ശിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഷോര്‍ട്സ് ധരിച്ച് കളിക്കുന്നതാണ് സൌകര്യം എന്ന് സൈന തുറന്നു പറയുന്നു. ഇത്തരം തീരുമാനങ്ങള്‍ ആരും ആര്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കരുത് എന്നാണ് ഡബിള്‍സ് ഗ്ലാമര്‍ താരം ജ്വാല ഗുട്ടയുടെ അഭിപ്രായം. തനിക്ക് സ്കേര്‍ട്ട് ധരിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍, വസ്ത്രങ്ങള്‍ ഏതു വേണമെന്ന തീരുമാനം വ്യക്തിപരമായിരിക്കണമെന്നാണ് ജ്വാല പറയുന്നത്.

വനിതാ ടെന്നീസ് മത്സരം കാണാന്‍ ആരാധകര്‍ പാഞ്ഞെത്തുന്നതു പോലെ വനിതാ ബാഡ്മിന്റണും ആളെ കയറ്റാനാണ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ആഗ്രഹിക്കുന്നത് എന്ന് വ്യക്തം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :