നടുക്കം മാറാതെ ഫുട്ബോള്‍ ലോകം

അംഗോള| WEBDUNIA|
PRO
ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ പങ്കെടുക്കാനായി അംഗോളയിലെത്തിയ ടോഗോ ദേശീയ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പിന്‍റെ നടുക്കം ഇനിയും ഫുട്ബോള്‍ ലോകത്തെ വിട്ടു പോയിട്ടില്ല. കളിക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ തരിച്ചിരിക്കുകയാണ് ഈ വര്‍ഷം ലോകകപ്പിന് ആതിഥ്യം നല്‍കാനൊരുങ്ങുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡം.

കഴിഞ്ഞ ദിവസം രാത്രിയാണ് ടോഗോ ടീം സഞ്ചരിച്ചിരുന്ന ബസിനു നേര്‍ക്ക് അജ്ഞാതനായ തോക്കു ധാരി നിറയൊഴിച്ചത്. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. രണ്ട് കളിക്കാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു.ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ടീം ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍‌മാറിയേക്കുമെന്ന് നായകന്‍ ഇമ്മാനുവല്‍ അഡെബയോര്‍ പറഞ്ഞു.

മതിയായ സുരക്ഷ ഇല്ലെങ്കില്‍ ടീം നാളെ നാട്ടിലേക്ക് തിരിച്ചുപോകുമെന്ന് അഡെബയോര്‍ വ്യക്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും വലിയ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി ജീവന്‍ തന്നെ നല്‍കാന്‍ കളിക്കാര്‍ തയ്യാറാവില്ല. സുരക്ഷയില്ലെങ്കില്‍ ഞങ്ങള്‍ മടങ്ങിപോകും. മരണത്തില്‍ നിന്നാണ് ഞങ്ങളെല്ലാം തിരിച്ചുവന്നത്. കളിക്കാര്‍ക്ക് അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചുപോകാന്‍ അതിയായ ആഗ്രഹമുണ്ട്-അഡെബയോര്‍ പറഞ്ഞു.

മുപ്പതു മിനുട്ടോളം അക്രമി ബസിനു നേര്‍ക്ക് നിറയൊഴിച്ചതായി കളിക്കാര്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് കളിക്കാര്‍ക്ക് മനസ്സിലായില്ല. ആക്രമണം നിലച്ചതും കളിക്കാര്‍ പൊട്ടിക്കരഞ്ഞു. പലരും വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അലറിക്കരയുകയായിരുന്നുവെന്ന് കളിക്കാര്‍ വെളിപ്പെടുത്തി. അതേസമയം അംഗോളയിലെ വിഘടന ഗ്രൂപ്പായ ലിബറേഷന്‍ ഓഫ് എന്‍‌ക്ലേവ് ഓഫ് കാബിന്‍ഡ(എഫ് എല്‍ ഇ സി) ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

2009 ആദ്യം ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബസിനു നേര്‍ക്കുണ്ടായ വെടിവയ്പ്പിനു സമാനമായിരുന്നു ഈ ആക്രമണവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :