ഒടുവില്‍ ചര്‍ച്ചില്‍ വീണു

മാര്‍ഗോ| WEBDUNIA| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2009 (11:40 IST)
ഒഎന്‍‌ജിസി ഐ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്പോര്‍ട്ടിംഗ് ഗോവ ചര്‍ച്ചിലിനെ പരാ‍ജയപ്പെടുത്തി. ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ ഒഡാഫെ ഒക്കോളിക്ക് ചര്‍ച്ചിലിനെ രക്ഷിക്കാനായില്ല. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പോര്‍ട്ടിംഗ് വിജയിച്ചത്.

ചര്‍ച്ചില്‍ ടീമില്‍ ഏറ്റവും അപകടകാരി ഒക്കോളിയാണെന്ന തിരിച്ചറിവാണ് സ്പോര്‍ട്ടിംഗിന് വിജയം നേടിക്കൊടുത്തത്. കളി തുടങ്ങിയപ്പോള്‍ തന്നെ സ്പോര്‍ട്ടിംഗ് ഡിഫന്‍ഡര്‍ മാത്യു ഗോസാല്‍‌വസ് ഒക്കോളിക്ക് ചുറ്റും വലയം തീര്‍ത്തു. ഒക്കോളിയുടെ കാലുകളില്‍ വിലങ്ങു വീണപ്പോള്‍ തന്നെ ചര്‍ച്ചില്‍ പകച്ചു. ഈ അങ്കലാപ്പില്‍ നിന്ന് പിന്നീട് കരകയറാന്‍ ചര്‍ച്ചിലിന് ആയില്ല.

ഏഴാം മിനിറ്റില്‍ വലതുവിങ്ങില്‍ സ്റ്റീവന്‍ ഫെര്‍ണാണ്ട്സ് നല്‍കിയ ക്രോസ് ചിന്ത ചന്ദ്രശേഖര്‍ ഹെഡ്ഡ് ചെയ്ത് ചര്‍ച്ചിലിന്‍റെ വലയില്‍ എത്തിക്കുകയായിരുന്നു. ആദ്യപകുതിയില്‍ ചര്‍ച്ചിലിന് സമനില പ്രതീക്ഷ നല്‍കി ഒഗ്ബാ കാലുവിന്‍റെ ഷോട്ട് സ്പോര്‍ട്ടിംഗിന്‍റെ ഗോള്‍മുഖത്തേക്ക് കുതിച്ചെങ്കിലും കീപ്പര്‍ ഫെലിക്സ് തട്ടിയകറ്റി.

കാല്‍ക്കീഴിലെത്തിയ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി സ്വയം കീഴടങ്ങുകയായിരുന്നു ചര്‍ച്ചില്‍. ഈ ജയത്തോടെ പോയിന്‍റ് നിലയിലും സ്പോര്‍ട്ടിംഗ് ചര്‍ച്ചിലിനെ കടത്തിവെട്ടി. 15 കളികളില്‍ നിന്നായി 31 പോയിന്‍റാണ് ഇപ്പോള്‍ സ്പോര്‍ട്ടിംഗിനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :