ടിക്കി ടാക്കാ നാണം കെട്ടു

  സ്പെയിന്‍ , സാല്‍വാദോര്‍ , ഹോളണ്ട്
സാല്‍വാദോര്‍| jibin| Last Modified ശനി, 14 ജൂണ്‍ 2014 (09:18 IST)
ലോകകപ്പിലേറ്റ പരാജയത്തിന്
സ്പെയിനോട് ഹോളണ്ട് പകരം വീട്ടി. ഗോള്‍ മഴ പെയ്ത മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഓറഞ്ച് പടയുടെ രാജകീയ ജയം. ആര്യന്‍ റോബനും റോബിന്‍ വാന്‍പേഴ്‌സിയും ഹോളണ്ടിന് വേണ്ടി ഇരട്ട ഗോള്‍ നേടിയപ്പോള്‍ സാബി അലോന്‍സോയുടെ വകയായിരുന്നു സ്‌പെയിനിന്റെ ആശ്വാസ ഗോള്‍. ഇരുപത്തിയേഴാം മിനിറ്റില്‍ ദ്യോഗോ കോസ്റ്റയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് സാബി അലോന്‍സോ ഗോളാക്കിയത്.

ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയായിരുന്നു റോബിന്‍ വാന്‍പേഴ്‌സിയുടെ മനോഹരമായ ഹെഡ്ഡര്‍. ഡാലി ബ്ലൈന്‍ഡിന്റെ ക്രോസിന് വാന്‍പേഴ്‌സി തലവെക്കുമ്പോള്‍ കാഴ്ചക്കാരനായി നോക്കി നില്‍ക്കാനെ കസിയസിന് കഴിഞ്ഞുള്ളൂ.
രണ്ടാം പകുതിയില്‍ കളി മറന്നവരെ പോലെയായിരുന്നു സ്പാനിഷ് പട. അന്‍പത്തി മൂന്നാം മിനിറ്റില്‍ ആര്യന്‍ റോബന്‍ ഹോളണ്ടിന്റെ ലീഡ് ഉയര്‍ത്തി. ബ്ലൈന്‍ഡിന്റെ തന്നെ പാസില്‍ നിന്നായിരുന്നു സ്പാനിഷ് പ്രതിരോധനിരക്കാരനായ പിക്വെയെയും ഗോളി കസിയസിനെയും കബളിപ്പിച്ച ആര്യന്റെ ഗോള്‍.

ഹോളണ്ട് പ്രതിരോധനിരക്കാരന്‍ സ്റ്റീവന്‍ ഡി വ്രിഡ്ജിന്റേതായിരുന്നു അടുത്ത ഊഴം. കോര്‍ണറില്‍ നിന്നും വന്ന പന്ത് തടയുന്നതില്‍ സ്പാനിഷ് താരങ്ങള്‍ക്ക് പിഴവു സംഭവിച്ചപ്പോള്‍ വ്രിജ് വല കുലുക്കി. എഴുപത്തി രണ്ടാം മിനിറ്റില്‍ വാന്‍പേഴ്‌സി തന്റെ രണ്ടാമത്തെയും ഹോളണ്ടിന്റെ നാലാമത്തെയും ഗോള്‍ മടക്കി. മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റുള്ളപ്പോഴായിരുന്ന ആര്യന്‍ റോബന്റെ രണ്ടാമത്തെ ഗോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :