അപർണ|
Last Modified ഞായര്‍, 29 ഏപ്രില്‍ 2018 (15:06 IST)
മഷി നോട്ടം ഒരു പ്രവചന വിദ്യയാണ്. പരമ്പരാഗതമായി അത് കൈമാറിപ്പോരുകയും ചെയ്യുന്നു. എന്നാലിതിന് ശാസ്ത്രീയമായ അടിത്തറ ഉള്ളതായി തോന്നുന്നില്ല. ഇപ്പോഴുള്ള തലമുറയ്ക്ക് ഇത് വെറും അന്ധവിശ്വാസമായിട്ടാണ് തോന്നുക. എന്നാൽ, മഷി നോട്ടത്തിൽ വാസ്തവമുണ്ടെന്നാണ് മുതിർന്നവർ പറയുന്നത്.
എന്നാല്‍ പലര്‍ക്കും മഷിനോട്ടത്തിലൂടെ ഫലസിദ്ധി കൈവന്നതായാണ് അറിയാന്‍ കഴിയുന്നത്. സാധാരണ നിലയില്‍ കാണാതെ പോയ വസ്തുക്കളും മോഷണം പോയ വസ്തുക്കളും കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുമാണ് മഷി നോട്ടം ഉപയോഗിക്കുന്നത്.
ചിലപ്പോള്‍ നമ്മുടെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങള്‍ പ്രവചിക്കാനും മഷിനോട്ടം ഉപയോഗപ്പെടുത്താറുണ്ട്. മഷിനോട്ടക്കാര്‍ വിജയിക്കുന്നത് അവരുടെ ഉപാസനയുടെ ഫലം കൊണ്ടും മഷിക്കൂട്ട് നിര്‍മ്മാണത്തിന്റെ ഗുണം കൊണ്ടുമാണ്. ഇവ രണ്ടും ചേരുമ്പോഴേ പ്രവചനം വിജയകരമാവൂ.
ഒരു മണ്ഡലകാലം - 41 ദിവസം - വ്രതമെടുത്ത് മന്ത്രങ്ങള്‍ ഉച്ചരിച്ചാണ് മഷിനോട്ടത്തിനുള്ള മഷിക്കൂട്ട് തയ്യാറാക്കുന്നത്. ഇതാകട്ടെ ഒരാള്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ചെയ്യുകയുമുള്ളു.
നേരത്തേ തയ്യാറാക്കിയ മഷി ആവശ്യത്തിനനുസരിച്ച് ഓരോ കൊല്ലവും ഉപയോഗിക്കുകയാണ് പതിവ്.
മഷിനോട്ടത്തില്‍ പ്രധാനമായും അഞ്ജനാദേവി മന്ത്രമാണ് ജപിക്കാറ്. ഗണപതി, ഹനുമാന് എന്നിവരേയും സ്തുതിക്കാരുണ്ട്. കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന മഷിനോട്ടത്തിന് ബാലാഞ്ജനം എന്നാണ് പറയുക. രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയാണ് മഷി നോട്ടത്തിന്റെ കാലം.
മഷിനോട്ടം എന്ന പ്രവചന വിദ്യയ്ക്ക് ഉപയോഗിക്കുന്ന മഷിക്കൂട്ട് തയ്യാറാക്കുന്നത് വിവിധ ഔഷധങ്ങള്‍ ഉപയോഗിച്ചാണ്. വിവിധ രീതികളില്‍ ഈ മഷിക്കൂട്ട് ഉണ്ടാക്കാറുണ്ട്. മഷി നോട്ടത്തിനുമുണ്ട് സമ്പ്രദായ വ്യത്യാസങ്ങള്‍. സര്‍വ്വാഞ്ജനം, നിധിയഞ്ജനം, കുടുംബാഞ്ജനം, ബാലാഞ്ജനം എന്നിങ്ങനെ.
ഈ മഷിക്കൂട്ട് കൈവെള്ളയിലോ വെറ്റിലയിലോ അല്ലെങ്കില്‍ നഖത്തിലോ പുരട്ടി നോക്കിയാണ് ഫലം പറയാറ്.
നിധി സംബന്ധമായ കാര്യങ്ങള്‍ കാണിച്ചുകൊടുക്കുന്നതാണ് പാതാള മഷി. ഭൂമിക്കടിയിലെ ജലാംശം കണ്ടെത്താനും ഇത് ഉപയോഗിക്കാറുണ്ട്.