സ്വരാജ് സംവാദ് വിളിച്ചു ചേര്‍ത്ത നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകും

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (15:42 IST)
ആം ആദ്‌മി പാര്‍ട്ടിയിലെ വിമതപക്ഷത്തിന്റെ യോഗം വിളിച്ചു ചേര്‍ത്ത നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തേക്കും. ഇതു സംബന്ധിച്ച് ഇന്നു ചേരുന്ന രാഷ്‌ട്രീയകാര്യസമിതി തീരുമാനം എടുത്തേക്കും.

ആം ആദ്‌മി പാര്‍ട്ടിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പാര്‍ട്ടിയിലെ വിമതവിഭാഗം ഹരിയാനയിലെ ഗുഡ്‌ഗാവില്‍ യോഗം ചേര്‍ന്നിരുന്നു. പ്രതിഷേധിച്ച് പാര്‍ട്ടിക്ക് പുറത്തു പോയ മേധ പട്‌കര്‍, കൂടംകുളം സമരനായകന്‍ ഉദയകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ പാര്‍ട്ടി വിട്ട നിരവധി പേര്‍ വിമതയോഗത്തിനെത്തിയിരുന്നു. വിമതയോഗം വിളിച്ചു ചേര്‍ത്ത ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡല്‍ഹി യൂണിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് രാജ്യമെങ്ങും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും ആവശ്യമെങ്കില്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വഴിയൊരുക്കാനും സ്വരാജ് അഭിയാന്‍ കൂട്ടായ്മയ്ക്കു രൂപം നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി വിമത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. യോഗം സംഘടിപ്പിക്കരുതെന്ന പാര്‍ട്ടി നിര്‍ദേശം തള്ളിയായിരുന്നു സ്വരാജ് സംവാദ് സംഘടിപ്പിച്ചത്.

സ്വരാജ് അഭിയാന്‍ എന്നപേരില്‍ ദേശവ്യാപക കാമ്പയിന്‍ സംഘടിപ്പിക്കാനാണ് ഇന്നലെ ചേര്‍ന്ന സ്വരാജ് സംവാദില്‍ തീരുമാനമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :