ജനതാപാര്‍ട്ടികള്‍ ലയിക്കുന്നു; സൈക്കിള്‍ പൊതുചിഹ്‌നമായേക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (08:58 IST)
രാജ്യത്തെ വിവിധ ജനതാപാര്‍ട്ടികള്‍ ഒന്നിക്കുന്നു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ഇന്ന് ഡല്‍ഹിയില്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

മുലായത്തിന്റെ സമാജ്‌വാദി പാര്‍ട്ടിക്കു പുറമേ നിതിഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ - യു, ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ ജനതാദള്‍, ദേവഗൗഡയുടെ ജനതാദള്‍ - എസ്, കമല്‍ മൊറാര്‍ക്കയുടെ സമാജ്‌വാദി ജനതാപാര്‍ട്ടി, ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് ലയിച്ച് ഒന്നാവുന്നത്.

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ മുലായം സിംഗ് യാദവിനെ മുന്നില്‍ നിര്‍ത്തി രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിക്ക് സമാജ്‌വാദി ജനതാദള്‍, അഥവാ സമാജ്‌വാദി ജനതാപാര്‍ട്ടി എന്ന പേരു സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ പൊതുചിഹ്നവുമാക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

ലയനം കഴിയുന്നതോടെ ലാലു പ്രസാദ് യാദവിന് റാന്തലും നിതിഷ് കുമാറിന് അസ്ത്രവും ചിഹ്നമല്ലാതാവും. കേന്ദ്രഭരണം പിടിച്ച ബി ജെ പിയെ നേരിടുകയെന്ന പ്രധാനദൗത്യം മുന്നോട്ടുവെച്ചാണ് മുന്‍കാല ശത്രുതകള്‍ മാറ്റിവെച്ച് ഒന്നിച്ചു നില്‍ക്കാന്‍ ജനതാപാര്‍ട്ടികള്‍

തീരുമാനിച്ചത്.

ഉത്തര്‍ പ്രദേശില്‍ 2017ലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതേസമയം, ഭാരവാഹി സ്ഥാനങ്ങളും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവും വീതം വെക്കേണ്ടി വരുന്ന സാഹചര്യം ജനതാദള്‍ ‍- യുവിലും ആര്‍ ജെ ഡിയിലും പ്രശ്നങ്ങള്‍ ബാക്കി നിര്‍ത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :