റിനു വീണ്ടും ഫേസ്ബുക്കില്‍ സജീവമായി; ഇനി ചെന്നൈയിലേക്ക്

മുംബൈ: | WEBDUNIA|
PRO
PRO
ശിവസേനാ നേതാവ് ബാല്‍ താക്കറെ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട പെണ്‍കുട്ടികളിലൊരാളായ മലയാളി റിനു ശ്രീനിവാസന്‍ വീണ്ടും ഫേസ്ബുക്കില്‍ സജീവമായി. കോട്ടയം കുമരകം സ്വദേശിയായ റിനു ഇനി ഒരു മാസം കൂടിയേ മുംബൈയിലുണ്ടാകൂ. സൌണ്ട് എന്‍‌ജിനിയറിംഗ് പഠിക്കാന്‍ ചെന്നൈയിലേക്കു ചേക്കേറുകയാണ് ഈ 21കാരി.

ചെന്നൈയിലെ മ്യൂസിക് ലോഞ്ച് സ്കൂള്‍ ഓഫ് ഓഡിയോ ടെക്നോളജിയില്‍ ഇന്റര്‍വ്യൂ കൂടാതെ പ്രവേശനം ലഭ്യമായതിനെ തുടര്‍ന്നാണ് മുംബൈ വിടാന്‍ തീരുമാനമായത്. താക്കറെയെ പോലുള്ളവര്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്നും അതിന്റെ പേരില്‍ ബന്ദ് ആചരിക്കേണ്ടത് എന്തിനാണെന്ന സുഹൃത്ത് ഷഹീന്‍ ധാദയുടെ ഫേസ്ബുക് പോസ്റ്റ് ലൈക്ക് ചെയ്തതാണ് റിനു ശ്രീനിവാസന് വിനയായത്. തുടര്‍ന്ന് ഷഹീന്‍ ധാദ, റിനു എന്നീ പെണ്‍കുട്ടികളെ നവംബര്‍ 19-ന് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പ്രതിഷേധം ശക്തമായപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് രാമചന്ദ്ര ബഗാഡെയെ സ്ഥലം മാറ്റിയിരുന്നു,

സംഭവത്തെതുടര്‍ന്ന് ഫേസ്ബുക്കില്‍നിന്നു വിട്ടുനിന്നിരുന്ന റിനു കഴിഞ്ഞ ദിവസം മുതലാണ് സജീവമായത്. ആദ്യം വിമുഖത കാട്ടിയിരുന്നെങ്കിലും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ സന്ദേശങ്ങള്‍ക്ക് റിനു മറുപടി നല്‍കുന്നുണ്ടെന്ന് സഹോദരന്‍ രാഹുല്‍ പറഞ്ഞു. ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് റിനു മോചിതയായിട്ടില്ല. നിയമവിരുദ്ധമായ ഒന്നും ചെയ്യാതെ തന്നെ കുറ്റവാളിയായ അവസ്ഥയാണ് റിനുവിന്റേതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :