വി‌എച്ച്‌പി സമ്മര്‍ദ്ദം; ക്രൈസ്തവ പുരോഹിതന്‍ ഇനി പ്രചാര്യനാകും!

റായ്പൂര്‍| VISHNU.NL| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (13:14 IST)
സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്‌ ( വി‌എച്ച്‌പി ) സമ്മര്‍ദ്ദം ചെലുത്തിയതിനേ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പലിനെ ഫാദര്‍ എന്ന് അഭിസംബോധന ചെയ്യുന്നതിനു പകരം പ്രചാര്യ, ഉപപ്രചാര്യ, സര്‍ എന്നിവയില്‍ ഏതെന്തിലും ഉപയോഗിച്ചാല്‍ മതിയെന്ന് ഛത്തിസ്ഗഢിലെ ബസ്തറിലെ കത്തോലിക്ക സ്കൂളുകളുടെ തീരുമാനം. ഒരാള്‍ക്ക് ഒരു പിതാവ് ഉണ്ടായിരിക്കെ, അധ്യാപകനെ പിതാവ് (ഫാദര്‍) എന്ന് വിളിക്കുന്നത് അനുചിതമാണെന്ന് വിഎച്ച്പി പറഞ്ഞു. അതിനാല്‍ പ്രചാര്യ എന്നു വിളിക്കണമെന്നാണ് നിര്‍ദേശിച്ചത്.

കൂടാതെ സരസ്വതി ദേവിയുടെയും രാജ്യതാല്‍പ്പര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച മഹദ് വ്യക്തികളുടെയും ചിത്രങ്ങളും ഇതോടൊപ്പം സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കനമെന്നും വി‌എച്ച്‌പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിഎച്ച്പിയും ജഗദല്‍പൂറിലെ മിഷിനറിമാരും നടത്തിയ ചര്‍ച്ചയിലാണ് വി‌എച്ച്‌പിയുടെ തീരുമാനങ്ങള്‍ കത്തോലിക്ക സഭ അംഗീകരിച്ചത്.

വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ചാവറ അച്ചന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വഹിച്ച പങ്കിനെ കുറിച്ച് ബസ്തറിലെ നിര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷിക ചടങ്ങില്‍ ജഗദല്‍പൂര്‍ ബിഷപ്പ് ഡോ. ജോസഫ് കൊല്ലമ്പല്‍ പ്രസംഗിച്ചിരുന്നു. അദ്ദേഹത്തിന്റെ മാര്‍ഗം പിന്‍പറ്റി സിഎംഐ സഭ ബസ്തറിലെ എല്ലാ ഗ്രാമങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും പ്രഖ്യാപിച്ചു.
ഇതേ തുടര്‍ന്ന് സ്കൂളുകളിലേക്ക് വിഎച്ച്പി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. തുടര്‍ന്നാണ് ചര്‍ച്ച നടത്തി ധാരണാ പത്രം ഉണ്ടാക്കിയത്.

ക്രൈസ്തവ മിഷിനറിമാര്‍ നടത്തുന്ന സ്കൂളുകളിലൂടെ മതപരിവര്‍ത്തനം അടക്കമുള്ള വര്‍ഗീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നാണ് വിഎച്ച്പിയുടെ ആക്ഷേപം. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ആദിവാസികളെ തിരിച്ചു മതംമാറ്റുന്ന ഖര്‍വാപ്സി (ഭവനത്തിലേയ്ക്ക് തിരിച്ചുവരൂ) പദ്ധതി ഇതിനു ബദലായി വിഎച്ച്പി ആരംഭിച്ചിട്ടുണ്ട്. ഗോത്ര മേഖലയായ ബസ്തറില്‍ 22 സ്കൂളുകളാണ് കത്തോലിക സഭയുടെ കീഴിലുള്ളത്. തങ്ങളുടെ സമൂഹം മൂലം മറ്റ് മതവിഭാഗങ്ങള്‍ക്കോ സമൂഹത്തിനോ വേദനയുണ്ടായെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്നും ചര്‍ച്ചയ്ക്കു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :