aparna shaji|
Last Modified ശനി, 11 ഫെബ്രുവരി 2017 (08:28 IST)
അഴിമതിയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ വികസനപാതയിലെത്തിച്ചതു കോൺഗ്രസ് ഭരണമാണെന്ന് ശിവസേന. കഴിഞ്ഞ 60 വർഷം രാജ്യംഭരിച്ച പ്രധാനമന്ത്രിമാർ ചെയ്ത നല്ല കാര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു
സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വരുമായിരുന്നുവെന്നും
ശിവസേന വ്യക്തമാക്കി.
പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണു കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ സേവനങ്ങളെ ശിവസേന പ്രകീർത്തിക്കുന്നത്. ഇന്ദിരാ ഗാന്ധി 1971ൽ പാക്കിസ്ഥാനെ പാഠം പഠിപ്പിച്ചു. അവർ ദേശവിരുദ്ധരെ സംബന്ധിച്ച് ഇരട്ടത്താപ്പു കാട്ടിയില്ല. ബാങ്കുകൾ ദേശസാൽക്കരിച്ചു. എന്നാൽ, നോട്ടു റദ്ദാക്കൽ പോലുള്ള നടപടികളിലുടെ ദരിദ്രരെ ദ്രോഹിച്ചില്ല.
രാജ്യത്തു കംപ്യൂട്ടറുകൾ കൊണ്ടുവന്നതു രാജീവ് ഗാന്ധിയാണ്. സാങ്കേതിക രംഗത്ത് ഇന്ത്യൻ വികസനത്തിന് അടിത്തറയിട്ടതും രാജീവാണ്. നരസിംഹ റാവുവും മൻമോഹൻ സിങ്ങും സാമ്പത്തിക തകർച്ചയിൽനിന്നു രാജ്യത്തെ രക്ഷിച്ചു. കഴിഞ്ഞ 60 വർഷത്തിനിടെ ഇതൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ മോദി ഇന്നു ഭരിക്കുന്നത് സൊമാലിയയോ ബുറുണ്ടിയോ പോലുള്ള ഒരു രാജ്യമാകുമായിരുന്നു’. ലേഖനത്തിൽ പറയുന്നു.