ന്യൂഡല്‍ഹി|
jibin|
Last Updated:
ചൊവ്വ, 9 ജൂണ്‍ 2015 (10:22 IST)
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെ പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിക്കുന്നു. ബംഗ്ലാദേശ് സന്ദര്‍ശനം ചരിത്രപരമായ നേട്ടങ്ങള്‍ക്ക് കാരണമായെങ്കിലും മോഡിയുടെ വാക്കിനെ ചുറ്റിപ്പറ്റിയാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഞായറാഴ്‌ച ധാക്ക സര്‍വകലാശാലയില്‍ വച്ച് മോഡി നടത്തിയ പ്രസംഗമാണ് വിവാദമായത്. ഒരു സ്‌ത്രീ ആയിരുന്നിട്ടുകൂടി ഷേക്ക് ഹസീന ഭീകരര്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചു. ഈ വാക്കാണ് മോഡിക്കെതിരെ വിമര്‍ശകര്‍ ആയുധമാക്കിയിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രിയെ പ്രശംസിച്ചു നടത്തിയ പ്രസംഗം സ്‌ത്രീകളെ അവഹേളിക്കുന്ന പ്രസ്‌താവനയാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
ഹസീനയെ പ്രശംസിക്കുകയാണ് ചെയ്‌തതെങ്കിലും 'ഒരു സ്‌ത്രീ ആയിരുന്നിട്ടുകൂടി' എന്ന പ്രയോഗം എടുത്തുകാട്ടിയാണ് വിമര്‍ശകര്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, മോഡി പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞ കാര്യം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി. മോഡിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം ചരിത്രപരമായ നേട്ടങ്ങള്‍ക്ക് കാരണമായെങ്കിലും നേട്ടങ്ങളെ മറയ്‌ക്കുന്ന തരത്തിലാണ് നിലവിലെ പ്രസ്താവന.