ഓഖിക്ക് പിന്നാലെ ലുബാൻ; ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു, ഒമാനിലേക്ക് പോയ 152 മത്സ്യബന്ധന ബോട്ടുകള്‍ക്ക് മുന്‍കരുതല്‍ സന്ദേശം നൽകും

അപർണ| Last Modified ശനി, 6 ഒക്‌ടോബര്‍ 2018 (08:46 IST)
കേരളത്തെ പിടിച്ചു കുലുക്കിയ ഓഖി ചുഴലിക്കാറ്റിന് ശേഷം ഭീതിയുണർത്തി ലുബാൻ. ചുഴലിക്കാറ്റ് നേരിട്ടു കേരള തീരത്തെത്തില്ലെങ്കിലും ഓഖിയിൽ സംഭവിച്ചതുപോലെ അപ്രതീക്ഷിത ഗതിമാറ്റം തള്ളിക്കളയാനാകില്ല. അറബിക്കടലിൽ ഇന്ത്യൻ തീരത്തിനു സമീപം 10 മാസത്തിനിടെ ഇതു നാലാമത്തെ ചുഴലിക്കാറ്റാണ്.

അറബിക്കടലിൽ ചൂട് കൂടുന്നതാണു ചുഴലികളുടെ സാധ്യത വർധിപ്പിക്കുന്നതെന്നാണു വിദഗ്ധ വിലയിരുത്തൽ. ലക്ഷദ്വീപിനു സമീപം രൂപം കൊള്ളുന്ന ലുബാൻ ചുഴലിക്കാറ്റിനെ മെരുക്കാൻ ശേഷിയുള്ള എതിർചുഴലി (ആന്റി സൈക്ലോൺ) മാലദ്വീപിനു തെക്കു ഡീഗോ ഗാർഷ്യയ്ക്കു സമീപം ശക്തി പ്രാപിക്കുന്നു.

എതിർചുഴലി കൂടുതൽ ശക്തമായാൽ ലുബാന്റെ തീവ്രത കുറയുമെന്നാണു കാലാവസ്ഥാശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇരുചുഴലികളും ഏകദേശം 1000 കിലോമീറ്റർ അകലത്തിലാണ്. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ മഴ ശക്തമാകാൻ വഴിയൊരുക്കും.

അതേസമയം, ന്യൂനമര്‍ദ്ദം ശക്തമായതോടെ മത്സ്യബന്ധനത്തിനായി ഒമാന്‍ തീരത്തേക്ക് പോയ 152 ബോട്ടുകള്‍ക്ക് മുന്‍കരുതല്‍ സന്ദേശം നല്‍കാന്‍ മര്‍ച്ചന്റ് ഷിപ്പുകളുടെയും കോസ്റ്റ് ഗാഡിന്റെ ഡോണിയന്‍ വിമാനങ്ങളുടെയും സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :