അറിയാതെ പോകരുത് ജല്ലിക്കെട്ടിനെക്കുറിച്ചുള്ള ഇക്കാര്യങ്ങളും

ജല്ലിക്കെട്ടിനെക്കുറിച്ചുള്ള ഇക്കാര്യങ്ങളും അറിയണം

ചെന്നൈ| Last Modified വ്യാഴം, 19 ജനുവരി 2017 (15:16 IST)
കാട്ടുതീ പോലെ പടരുകയാണ് മറീനയിലെ ജല്ലിക്കെട്ട് സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ‍. കേട്ടറിയുന്നവര്‍ കൂട്ടുകാരുമായി പുഴപോലെ ഈ കടല്‍ത്തീരത്തേക്ക് ഒഴുകുകയാണ്. തങ്ങളുടെ സംസ്കാരത്തിനു വേണ്ടി, പാരമ്പര്യത്തിനു വേണ്ടി, ജല്ലിക്കെട്ടിനു വേണ്ടി. ‘തമിഴനെന്നു സൊല്ലെടാ, തലയുയര്‍ത്തി നില്ലെടാ’ എന്നാണ് മറീനയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ക്ഷുഭിതയൌവനങ്ങള്‍ ഒരേ സ്വരത്തില്‍ പാടുന്നത്. അതേ, ‘തമിഴനെ’ന്ന ഒറ്റവികാരത്തില്‍ ഒരുമിച്ചു കൂടിയവര്‍ തങ്ങളുടെ സംസ്കാരമായ ജല്ലിക്കെട്ടിനെ സംരക്ഷിക്കണമെന്നും പെറ്റയെ നിരോധിക്കണമെന്നും മറീനയിലെ മണല്‍ത്തരികളെ സാക്ഷിനിര്‍ത്തി പറയുന്നു.

ജല്ലിക്കെട്ട് എന്ന വാക്കിന്റെ ഉദ്ഭവം ?

തമിഴ്വാക്കുകളായ ജല്ലി, കെട്ട് എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ജല്ലിക്കെട്ട് എന്ന വാക്ക് ഉണ്ടാകുന്നത്. ‘ജല്ലി’ എന്ന വാക്കുകൊണ്ട് വെള്ളി അല്ലെങ്കില്‍ സ്വര്‍ണനാണയം എന്നാണ് അര്‍ത്ഥമാക്കുന്നത്. ‘കെട്ട്’ എന്നാല്‍ കൂട്ടിക്കെട്ടുക എന്നാണ്. കാളകളുടെ കൊമ്പില്‍ ഇത് ചേര്‍ത്തുകെട്ടുന്നതിനെയാണ് ജല്ലിക്കെട്ട് എന്നു പറയുന്നത്.
ഇങ്ങനെ കെട്ടിവെയ്ക്കുന്നു വെള്ളി അല്ലെങ്കില്‍ സ്വര്‍ണനാണയങ്ങള്‍ ആ കാളകളെ മെരുക്കുന്നവര്‍ക്കുള്ള സമ്മാനമാണ്. ‘മഞ്ജു വിരാട്ട്’ എന്നും ഇതിന് പേരുണ്ട്. തമിഴ്നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ജല്ലിക്കെട്ട് നടത്തുക. മാട്ടുപൊങ്കല്‍ ദിവസമാണ് ജല്ലിക്കെട്ട് നടത്തുക. അന്നേദിവസം, ഗ്രാമത്തിലെ എല്ലാവരും ജല്ലിക്കെട്ടു കാണുന്നതിനായി എത്തും.

ജല്ലിക്കെട്ടിന് തമിഴ്ചരിത്രത്തില്‍ പിന്നീട് സംഭവിച്ചത്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2010 മുതല്‍ 2014 വരെയുള്ള കാലങ്ങളില്‍ 1, 100 ഓളം പേര്‍ക്ക് ജല്ലിക്കെട്ടിനിടെ മുറിവേല്‍ക്കുകയും 17 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങളിലായി 200 ഓളം പേരാണ് ജല്ലിക്കെട്ടിനിടെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006ല്‍ മദ്രാസ് ഹൈക്കോടതിയാണ് ജല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. കാളകളെ വളര്‍ത്താന്‍ പ്രത്യേക അനുമതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ ആയിരുന്നു ഇത്.

മൂന്നു വര്‍ഷത്തിനു ശേഷം, 2009 ജൂലൈയില്‍, തമിഴ്നാട് സര്‍ക്കാര്‍, തമിഴ്നാട് ജല്ലിക്കെട്ട് റെഗുലേഷന്‍ ആക്‌ട് 2009 പാസാക്കി. ഇതിനെ തുടര്‍ന്ന്, ജല്ലിക്കെട്ടിന് വീണ്ടും അനുമതി ലഭിച്ചു. എന്നാല്‍, പരിപാടി നടത്താന്‍ ജില്ല കളക്‌ടറുടെ അനുമതി വാങ്ങണമെന്നതും നിര്‍ബന്ധമാക്കി.

ജൂലൈ 2011ല്‍, പരിസ്ഥിതിമന്ത്രി ജയറാം രമേശ്, മൃഗങ്ങളെ വിനോദപ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് വിജ്ഞാപനം ഇറക്കി. ഇതിലൂടെ കാളകളെ ഉപയോഗിക്കുന്നതിനും വിലക്കായി. 2014 മെയ് മാസത്തില്‍ പെറ്റ (പീപ്പിള്‍ ഫോര്‍ ദ എതിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്) യുടെ പരാതിയെ തുടര്‍ന്ന് സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചു. ഇത് അനുസരിച്ച് കാളകളെ ജല്ലിക്കെട്ട്, കാളയോട്ട മത്സരം, കാളപ്പോര് എന്നിവയ്ക്കായി ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ, തമിഴ്നാട് ജല്ലിക്കെട്ട് റെഗുലേഷന്‍ ആക്‌ട് 2009 നിയമവിധേയം അല്ലാതാക്കുകയും ചെയ്തിരുന്നു.

2016 ജനുവരി 17ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ജല്ലിക്കെട്ട് നിരോധനത്തെ ദുര്‍ബലപ്പെടുത്തി. കാളകള്‍ ക്രൂരതയ്ക്ക് ഇരയാകരുതെന്ന് ആയിരുന്നു വിജ്ഞാപനം. ജനുവരി അവസാനത്തോടെ പെറ്റയും എ ഡബ്ല്യു ബി ഐയും കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും
സുപ്രീംകോടതി വിജ്ഞാപനം സ്റ്റേ ചെയ്യുകയുമായിരുന്നു. കോടതിയലക്‌ഷ്യമാകും എന്നതിനാല്‍ ഇക്കാര്യത്തില്‍ കോടതിയ മറി കടക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിന് കഴിയുകയുമില്ല. ഇന്നു തന്നെ സമീപിച്ച തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനു മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :