ഗുജറാത്തിലെ പെണ്‍വാണിഭവും ലഹരി ഉപയോഗവും പറയുന്ന ഷാരുഖ് ചിത്രം റയീസിനെതിരെ വിഎച്ച്പി

ബോളിവുഡ് സൂപ്പര്‍ താരം , ഷാരൂഖ് ഖാന്‍ , വിഎച്ച്പി , സിനിമ , അസഹിഷ്‌ണുത
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (08:31 IST)
ടെലിവിഷന്‍ അഭിമുഖത്തില്‍ രാജ്യത്തെ അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പുതിയ ചിത്രം റയീസിനെതിരെ പ്രതിഷേധവുമായി വിഎച്ച്പി പ്രവര്‍ത്തകര്‍. റയീസിന്റെ ഗുജറാത്തിലെ
ചിത്രീകരണം തടയുമെന്ന് വിഎച്ച്പി പ്രവര്‍ത്തകരുടെ ഭീഷണി.

30ഓളം പേരടങ്ങുന്ന പാര്‍ട്ടി അനുഭാവികളുടെ സംഘം കലക്ടറെ കണ്ട് ഷൂട്ടിങ്ങിന് നല്‍കിയ അനുമതി റദ്ദാക്കാനാവശ്യപ്പെട്ട് ചൊവ്വാഴ്ച നിവേദനം നല്‍കിയിരുന്നു. ആവശ്യം തള്ളിയതോടെ കലക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും താരത്തിന്റെ കോലം കത്തിക്കുകയുമായിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനുള്ള അനുമതി പിന്‍‌വലിച്ചില്ലെങ്കില്‍ ഷൂട്ടിംഗ് തടയുമെന്നും വിഎച്ച്പി വ്യക്തമാക്കി. ഷൂട്ടിംഗ് സെറ്റിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങിയ പ്രതിഷേധക്കാരെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഷൂട്ടിങ്ങ് നടക്കുന്ന സ്ഥലത്ത് പ്രത്യേക സുരക്ഷ ഏര്‍പ്പാടാക്കിയേക്കും.

ക്രൈം ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രം ഗുജറാത്തിലെ മദ്യനിരോധവും പെണ്‍വാണിഭവും ലഹരി ഉപയോഗത്തെയുമാണ് വിമര്‍ശിക്കുന്നത്. ഷാരൂഖ് നവാസുദ്ദീന്‍ സിദ്ദീഖിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ വര്‍ഷം ഈദ് റിലീസായി റയീസ് തീയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :