അയോധ്യയില്‍ കല്ലുകളെത്തി; രാമക്ഷേത്ര നിർമാണത്തിന് വിഎച്ച്പി

അയോധ്യയിൽ രാമക്ഷേത്രം , വിശ്വഹിന്ദു പരിഷത്ത് , നരേന്ദ്ര മോഡി , ബിജെപി
അയോധ്യ/ഇന്ദോര്‍| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (10:19 IST)
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വിശ്വഹിന്ദു പരിഷത്ത് വിപുലമാക്കുന്നു. രണ്ട് ലോഡ് കല്ലുകള്‍ വിഎച്ച്പിയുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. ഈ ശിലകള്‍ രാംജന്മഭൂമി ന്യാസ് പ്രസിഡന്‍റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ നേതൃത്വത്തില്‍ പൂജ നടത്തിയതായി വിഎച്ച്പി വക്താവ് ശരത് ശര്‍മ പറഞ്ഞു.

ക്ഷേത്രനിര്‍മാണത്തിനുള്ള സമയമിതാണെന്ന സൂചന നരേന്ദ്ര മോഡി സര്‍ക്കാരില്‍നിന്ന് ലഭിച്ചെന്ന് മഹന്ത് നൃത്യാഗോപാല്‍ ദാസ് അവകാശപ്പെട്ടു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ എത്തി ഒന്നര വർഷം കഴിയുന്നതിനിടെയാണ് രാമക്ഷേത്ര നിർമാണം വീണ്ടും വാർത്തകളിൽ നിറയുന്നത്.

പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കെ, കല്ലുകള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവാശിഷ് പാണ്ഡെ വ്യക്തമാക്കി. സ്വകാര്യ സ്ഥലത്താണ് ഇപ്പോള്‍ കല്ലിറക്കിയിട്ടുള്ളതെന്നും സമാധാനമോ മതസൗഹാര്‍ദമോ തകര്‍ക്കുംവിധമുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ പൊലീസ് ഇടപെടും. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ശിലകള്‍ സ്വകാര്യ സ്ഥലത്താണ് സൂക്ഷിച്ചതെന്നും ഫൈസാബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് മോഹിത് ഗുപ്ത അറിയിച്ചു.

രാമക്ഷേത്ര നിർമാണത്തിനായി കല്ലുകൾ ശേഖരിക്കുന്നതിന് വേണ്ടി ദേശവ്യാപകമായി പരിപാടി സംഘടിപ്പിക്കാൻ വിഎച്ച്പി ജൂണിൽ ആഹ്വാനം ചെയ്തിരുന്നു. രാമക്ഷേത്ര നിർമാണത്തിന് രണ്ടേകാൽ ലക്ഷം ചതുരശ്ര അടി കല്ലു വേണം. അതിൽ ഒന്നേകാൽ ലക്ഷം ചതുരശ്ര അടി അയോധ്യയിലെ വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനത്തുണ്ട്.

അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്ളിങ്ങൾക്കും നിർമോഹി അഖാരയ്ക്കുമായി മൂന്നായി വിഭജിച്ചു നൽകാൻ 2010 സെപ്തംബറിൽ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വിധിച്ചിരുന്നു. 2.7 ഏക്കർ ഭൂമിയിലാണ് തർക്കം നിലനിന്നത്. കോടതി വിധിയോടെ 90 സെന്റ് വീതമായിരുന്നു ഓരോ കക്ഷിയ്ക്കും ലഭിച്ചത്. ഹിന്ദു മഹാസഭ,​ സുന്നി വഖഫ് ബോർഡ്,​ നിർമോഹി അഖാര എന്നിവയാണ് തർക്കകക്ഷികൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :