ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തില്‍ ബിജെപി ആക്രമണം; ഒരാള്‍ മരിച്ചു

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം , വിഎച്ച്പി , പൊലീസ് ,  ബിജെപി , സംഘപരിവാർ , സിദ്ധരാമയ്യ
ബംഗളുരു| jibin| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (14:57 IST)
സംസ്ഥാന വ്യാപകമായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങളില്‍ വ്യാപകമായ സംഘര്‍ഷവും വെടിവെപ്പും. ബിജെപിയും സംഘടനകളും ആഘോഷങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതോടെ വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തു കനത്ത സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഇന്നു രാവിലെ നടത്തിയ മാര്‍ച്ചിലേക്ക് ബിജെപി- സംഘപരിവാർ പ്രവര്‍ത്തകര്‍ പാഞ്ഞു കയറുകയും ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തിയതോടെ പ്രദേശം സംഘര്‍ഷത്തില്‍ മുങ്ങുകയായിരുന്നു. വിഎച്ച്പി കുടക് മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കുട്ടപ്പ (50)യാണു മരിച്ചത്. പൊലീസ് ലാത്തി ചാർജ്ജിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെ മതിലിന് മുകളിൽ നിന്ന് വീണാണ് ഇയാള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദുക്കളെ കൂട്ടമായി മതപരിവര്‍ത്തനം നടത്തുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്‌ത ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷങ്ങള്‍ നടത്തിയാല്‍ ആക്രമണം നടത്തുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിന് ആർഎസ്എസ് പിന്തുണ നല്‍കുകയും ചെയ്‌തിരുന്നു.

അതേസമയം, ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രക്ഷോഭങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്തെത്തി. ചില വർഗീയ സംഘടനകളൊഴികെ കർണാടകയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും പിന്തുണ ടിപ്പു ജയന്തി ആഘോഷത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടിപ്പു സുൽത്താൻ പുരോഗമനവാദിയും മതേതര ചിന്താഗതിക്കാരനുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :