ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 12 മെയ് 2016 (13:35 IST)
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയര്‍മാനായി
ബിസിസിഐ മുൻ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ശശാങ്ക് മനോഹര്‍ ഐസിസി തലപ്പത്ത് എത്തുന്നത്. ഏകകണ്ഠമായായിരുന്നു ശശാങ്കിന്റെ തെരഞ്ഞെടുപ്പ്.
ഐസിസി ചെയർമാനാവുന്നത് ബഹുമതിയായി കാണുന്നുവെന്ന് ശശാങ്ക് മനോഹർ പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ച എല്ലാ ഐസിസി ഡയറക്ടർമാർക്കും ബിസിസിഐയോടും ശശാങ്ക് നന്ദി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിന് ഏറ്റവും നല്ല ദിനങ്ങളാണ് ഇപ്പോഴുള്ളത്. ഐസിസിയുടെ ഭരണഘടനാ ഭേദഗതികൾ ക്രിക്കറ്റിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കും. ക്രിക്കറ്റ് എന്ന കായിക വിനോദത്തെ കൂടുതൽ പേരിലേക്ക് എത്തിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐസിസിയുടെ പുതിയ നിയപ്രകാരം ചെയര്‍മാന്‍ സ്ഥാനത്തേക്ക് രഹസ്യ വോട്ടെടുപ്പ് നടത്തണം. ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല. അതിനാലാണ് ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
അഭിഭാഷകൻ കൂടിയായ ശശാങ്ക് മനോഹർ 2008 മുതൽ 2011വരെ ബിസിസിഐ പ്രസിഡന്റായിരുന്നു. ജഗ്‌മോഹൻ ഡാൽമിയയുടെ മരണത്തെ തുടർന്ന് 2015 ഒക്ടോബറിൽ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുപ്പെട്ടു.