ധർമശാല|
jibin|
Last Modified തിങ്കള്‍, 9 ഏപ്രില്‍ 2018 (19:38 IST)
ഹിമാചൽ പ്രദേശിൽ സ്കൂൾ ബസ് 100 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണ് 26 സ്കൂള്‍ കുട്ടികൾ മരിച്ചു. 60 വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റ വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമല്ല. അതേസമയം, മരണസംഖ്യ വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
പഞ്ചാബുമായി അതിരിടുന്ന കംഗ്ര ജില്ലയിലെ നുർപുർ മേഖലയിലാണ് അപകടമുണ്ടായത്. വസിർ റാം സിംഗ് പതാനിയ മെമ്മോറിയൽ പബ്ളിക് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസാണ് കൊക്കയിലേക്ക് വീണത്. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു.
42 പേർക്കു സഞ്ചരിക്കാവുന്ന ബസില്‍ 60 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത്. കുറച്ചു കുട്ടികൾ ഇപ്പോഴും ബസിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. അഞ്ചാം ക്ലാസ് മുതൽ താഴേക്കുള്ള വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്.
പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. പോലീസും ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്ത് എത്തി.