സാമ്പത്തിക മാന്ദ്യം, വേണ്ടിവന്നാല്‍ ഇടപെടുമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (14:59 IST)
ചൈനയുടെ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന തളര്‍ച്ച മൂലം ഇന്ത്യന്‍ രൂപയ്ക്കുണ്ടാകുന്ന ആഘാതങ്ങള്‍ പിടിച്ചു നിര്‍ത്താന്‍ ഇടപെടുമെന്ന് റിസര്‍വ്വ് ബാങ്ക്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആണ് ഇക്കാര്യം അറിയിച്ചത്. രൂപയുടെ മൂല്യം തകര്‍ന്നാലും ഇന്ത്യയുടെ സാമ്പത്തിക സ്‌ഥിതി തകരാതിരിക്കാന്‍ വേണ്ടിവന്നാല്‍ കരുതല്‍ ധനശേഖരം ഉപയോഗിക്കുമെന്നും ഇന്ത്യയ്‌ക്ക് 380 മില്യണ്‍ കരുതല്‍ ധനശേഖരമുണ്ടെന്നും രഘുറാം പറഞ്ഞു.

ആഗോള സാമ്പത്തിക സ്‌ഥിതിയില്‍ മറ്റ്‌ രാജ്യങ്ങളെക്കാള്‍ മോശമല്ലെന്നും ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ടെങ്കിലും മറ്റ്‌ രാജ്യങ്ങളേക്കാള്‍ സുരക്ഷിതമായ നിലയിലാണ്‌ ഇന്ത്യയുള്ളതെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഡോളറിനെതിരെ 66.47 ആണ്‌ രൂപയുടെ മൂല്യം. 65.83 നിലവാരത്തിലായിരുന്നു വെള്ളിയാഴ്‌ച ക്ലോസ്‌ ചെയ്‌തത്‌.

ചൈനീസ്‌ കറന്‍സിയായ യുവാന്റെ മൂല്യം കുറച്ചതാണ്‌ ആഗോള വിപണിയെ പിടിച്ചുലച്ചത്‌. ഇത്‌ മൂന്നാം തവണയാണ്‌ യുവാന്റെ മൂല്യം ചൈന കുറയ്‌ക്കുന്നത്‌. ചൈനീസ്‌ ഉത്‌പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനായിട്ടാണ്‌ തുടര്‍ച്ചയായി യുവാന്റെ മൂല്യം ചൈന കുറയ്‌ക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :