വേണ്ടത്ര ഗൃഹപാഠമില്ലാത്തതിനാലാണ് പാകിസ്ഥാനുമായുള്ള ചർച്ച നടക്കാതെ പോയത്: ആന്റണി

ന്യൂഡൽഹി| VISHNU N L| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (15:23 IST)
വേണ്ടത്ര ഗൃഹപാഠമില്ലാത്തതിനാലാണ് പാകിസ്ഥാനുമായുള്ള ചർച്ച നടക്കാതെ പോയതെന്ന് മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. മുൻകാല അനുഭവങ്ങൾ കണക്കിലെടുക്കാതെയാണ് കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് ഒരുങ്ങിയത്. ഭീകരവാദവും ചർച്ചയും ഒരുമിച്ച് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എൻഎസ്എ) ചർച്ച റദ്ദാക്കിയത് നിർഭാഗ്യകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ചർച്ചയ്ക്ക് തയാറായിരുന്നു, എന്നാൽ പാക്കിസ്ഥാൻ അത് റദ്ദാക്കി. ഇന്ത്യ ഇനിയും പാക്കിസ്ഥാനുമായി സൗഹൃദ ബന്ധത്തിന് ശ്രമിക്കും. തീരുമാനം അവരുടെതാണ്- രാജ്നാഥ് പറഞ്ഞു.

ഇന്ത്യാ – പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിലുള്ള ചർച്ചയിൽ നിന്നു ഇന്നലെ അർധരാത്രിയാണ് പാക്കിസ്ഥാൻ പിന്മാറിയത്. കശ്മീർ വിഘടനവാദികളായ ഹുറിയത് നേതാക്കളുമായി പാക് സുരക്ഷാ ഉപദേഷ്ടാവ് ചർച്ച നടത്താൻ പാടില്ലെന്നും ഇന്ത്യാ – പാക് ചർച്ചയിൽ കശ്മീർ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം. ചർച്ചയ്ക്കായി ഇന്ത്യ ഉപാധികൾ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞായിരുന്നു പാക്കിസ്‌ഥാന്റെ നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :