ബാബറി മസ്ജിദ് കേസിലെ ഹര്‍ജിക്കാരന്‍ നാടകീയമായി പിന്മാറി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2014 (09:42 IST)
ബാബരി മസ്ജിദ് തര്‍ക്ക കേസില്‍ നിന്ന് പിന്മാറുന്നതായി ഹര്‍ജിക്കാരില്‍ ഒരാളായ ഹാഷിം അന്‍സാരി. ബാബറി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഹര്‍ജിക്കാരന്റെ നാടകീയ പിന്‍മാറ്റം. മസ്ജിദിനുള്ളില്‍ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചതിനെതിരെ 1959ല്‍ കേസു നല്‍കിയ ആളാണ് ഹാഷിം അന്‍സാരി.


ബാബറി കേസ് രാഷ്ട്രീയ ആയുധമായിരിക്കുകയാണെന്ന് 66 വര്‍ഷം കേസ് നടത്തിയ അനുഭവത്തില്‍ നിന്നും മനസ്സിലായതായി 92 വയസ്സുള്ള അന്‍സാരി പറഞ്ഞു. രാമന്റെ വിഗ്രഹം താല്‍ക്കാലിക കുടിലില്‍ കഴിയുമ്പോള്‍ ഇതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയവര്‍ ബംഗ്ളാവുകളില്‍ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. തര്‍ക്കഭൂമിയില്‍ രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം സ്വതന്ത്രമാക്കി നിര്‍ത്തണം. ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹാഷിം അന്‍സാരി ക്ഷണിച്ചു.

പിന്മാറ്റത്തെ സ്വാഗതം ചെയ്ത ബിജെപി എംപി യോഗി ആദിത്യനാഥ് ഇതോടെ മുസ്ലിംകളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പ് വ്യക്തമായതായി അവകാശപ്പെട്ടു. എതിര്‍പ്പുകളില്ലാതെ രാമക്ഷേത്രം പണിയാനാകുമെന്നായിരുന്നു ബിജെപി നേതാവ് സിദ്ധാര്‍ഥ് നാഥ് സിംഗ് പ്രതികരിച്ചത്. സുന്നി വഖഫ് ബോര്‍ഡും അന്‍സാരിയും അടക്കം ഏഴുപേരാണ് ബാബറി മസ്ജിദ് കേസിലെ ഹര്‍ജിക്കാര്‍. എന്നാല്‍, മറ്റുള്ളവര്‍ കേസില്‍ തുടരുന്നതിനാല്‍ അന്‍സാരി പിന്മാറുന്നത് കേസിന്റെ നടപടികളെ ബാധിക്കില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ പ്രതികരിച്ചു.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 22-)ം
വാര്‍ഷികം വരാനിരിക്കെയാണ് ഹാഷിം അന്‍സാരിയുടെ പിന്മാറ്റം. ബാബറി മസ്ജിദ് പ്രശ്നം ചത്ത പ്രശ്നമാണെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി അസം ഖാന്‍ ഈയിടെ പറഞ്ഞിരുന്നു. ഇതാണ് അന്‍സാരിയേ പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ‘മസ്ജിദ് വിഷയം പറഞ്ഞ് വോട്ടുവാങ്ങിയാണ് അസംഖാന്‍ ആളായത്. മന്ത്രിയാകും മുമ്പ് സ്ഥിരമായി വന്നിരുന്ന ഖാന്‍ ഇപ്പോള്‍ ആ വഴിക്കുപോലും വരുന്നില്ല. ഹിന്ദു സമുദായത്തിന്‍െറ കണ്ണിലെ കരടായി, സകല പ്രതിബന്ധങ്ങളും സഹിച്ച് താന്‍ കേസു നടത്തുമ്പോള്‍ ബാബരി ആക്ഷന്‍ കമ്മിറ്റി അധ്യക്ഷനായിരുന്ന ഖാന്‍ മുലായത്തിനൊപ്പം പോയി സമുദായത്തെ വിറ്റു ലാഭമുണ്ടാക്കി‘ അന്‍സാരി ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :