അഹമ്മദാബാദ്|
jibin|
Last Updated:
വെള്ളി, 13 ഒക്‌ടോബര്‍ 2017 (15:07 IST)
മകൻ ജെയ് ഷായ്ക്കെതിരായ ആരോപണങ്ങളിൽ വിശദീകരണവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ജെയ് ഷായുടെ ടെംപിൾ എന്റർപ്രൈസസ് എന്ന കമ്പനി അഴിമതി നടത്തിയിട്ടില്ല. കമ്പനിക്ക് വഴിവിട്ട ഒരു സഹായവും കിട്ടിയിട്ടില്ല. 80 കോടി വരുമാനം ലഭിക്കുമ്പോഴും കമ്പനി നഷ്ടത്തിലായിരുന്നു. ഇത് സംബന്ധിച്ച വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള എല്ലാ ഇടപാടുകളും ചെക്കുകളിലൂടെയും ബാങ്കിലൂടെയുമാണ് നടന്നത്. അതിനാൽ കള്ളപ്പണം വെളുപ്പിച്ചെന്ന ചോദ്യം ഉയരുന്നില്ല. ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്നും ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി.
സർക്കാരിന്റെ സൗജന്യങ്ങളോ ഭൂമിയോ ജെയ് ഷാ സ്വീകരിച്ചിട്ടില്ല. അനധികൃതമായി ഒരു ലോൺ പോലും ലഭിച്ചിട്ടില്ല. എന്റെ
മകന്റെ കൈകൾ ശുദ്ധമാണ്. അതിനാലാണ് വാർത്ത പുറത്തുവിട്ട ‘ദ് വയർ’ എന്ന സ്വകാര്യ ഓൺലൈൻ മാധ്യമത്തിനെതിരെ
മാനനഷ്ടക്കേസു നൽകിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി സർക്കാർ അധികാരമേറ്റതിനുശേഷം ജെയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 16,000 ഇരട്ടി വര്‍ദ്ധനയുണ്ടായെന്നാണ് ദി വയർ എന്ന ഓണ്‍ലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. വാര്‍ത്ത കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഏറ്റെടുത്തതോടെയാണ്
ബിജെപി നേതൃത്വം വെട്ടിലായത്.
2014-15 സാമ്പത്തിക വർഷത്തിൽ ജെയ് ഷായുടെ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും 2015-16 സാമ്പത്തിക വർഷത്തിൽ ഇത് 80.5 കോടി രൂപയായി ഉയർന്നുവെന്നുമായിരുന്നു റിപ്പോർട്ട്. കമ്പനി രജിസ്ട്രാർ ഓഫീസിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത പുറത്തുവന്നത്.