aparna|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (10:15 IST)
പുറമേ ദേഷ്യക്കാരനും ജാഡക്കാരനുമാണെന്നൊക്കെ തോന്നുമെങ്കിലും മമ്മൂട്ടിയിൽ ഒരു സാധാരണ സ്നേഹമുള്ള മനുഷ്യൻ ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പുറമേ പരുക്കൻ സ്വഭാവം ആണെങ്കിലും അടുത്തറിയുമ്പോൾ മമ്മൂട്ടി നിഷ്കളങ്കനാണെന്ന് പലരും പറഞ്ഞിട്ടുള്ളതാണ്. അത്തരത്തിൽ ഒരു സംഭവം അടുത്തിടെ ഒരു ചാനലിൽ എത്തിയപ്പോൾ ജയറാം വിശദീകരിച്ചു.
വർഷങ്ങൾക്ക് മുൻപ് അർത്ഥം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടന്ന സംഭവമാണ് ജയറാം വിശദീകരിച്ചത്. സംവിധായകൻ സത്യൻ അന്തിക്കാട്, ജയറാം, മമ്മൂട്ടി തുടങ്ങിയവർ തുടങ്ങിയവർ സെറ്റിലുണ്ട്. ട്രെയിനിനു മുൻപിൽ ചാടി ജയറാം ആത്മഹത്യക്ക് ശ്രമിക്കുന്ന രംഗമാണ് ചിത്രീകരിക്കേണ്ടത്. അതിന്റെ അവസാനം ജയറാമിനെ മമ്മൂട്ടി പിടിച്ചു മാറ്റണം.
റെയിൽവേയുടെ ഭാഗത്തു നിന്നുള്ള അനുവാദം വാങ്ങാതെ ലൈവായി ഓടുന്ന ട്രെയിനിനു മുൻപിലാണ് ഇത് ചിത്രീകരിക്കേണ്ടത്. എഞ്ചിൻ ഡ്രൈവറോഡ് നേരത്തെ തന്നെ സത്യൻ അന്തിക്കാട് വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. കൃത്യമായി പ്ലാൻ ചെയ്ത് അബദ്ധങ്ങൾ ഒന്നും സംഭവിക്കാതെ ഷൂട്ട് ചെയ്യണം എന്ന് എഞ്ചിൻ ഡ്രൈവർ പറഞ്ഞിരുന്നു.
ട്രെയിൻ എത്താറായപ്പോൾ സത്യൻ അന്തിക്കാട് മമ്മൂട്ടിക്കും ജയറാമിനും വേണ്ട നിർദ്ദേശങ്ങൾ നൽകി രംഗം വിശദീകരിച്ചു. ഒന്നും പേടിക്കാതെടാ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടി ജയറാമിന് ചില സുരക്ഷാ ഉപദേശങ്ങളും നൽകി. രണ്ടു പേരും സീൻ അഭിനയിക്കാൻ റെഡിയായപ്പോഴും മമ്മൂട്ടി ഈ സുരക്ഷാ നിർദ്ദേശങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു.
എന്നാൽ ട്രെയിൽ അടുത്തെത്താറായപ്പോൾ കൈകകൾ വിറക്കുന്ന മമ്മൂട്ടിയെ ആണ് കണ്ടത്. മുഖഭാവമൊക്കെ മാറി വലിയ ടെൻഷനിലാണ് മമ്മൂട്ടി എന്ന് ജയറാമിന് മനസിലായി. ട്രെയിൻ അടുത്തെത്തി പാളത്തിൽ നിന്ന ജയറാമിനെ ശക്തിയായി മമ്മൂട്ടി പിടിച്ച് വലിച്ചു. സെക്കൻഡുകൾക്കുള്ളിൽ ട്രെയിൻ കടന്നു പോവുകയും ചെയ്തു.
ഉദ്ദേശിച്ചതിലും ഭംഗിയായി ആ രംഗം ചിത്രീകരിക്കാൻ സാധിച്ചതിൽ സെറ്റിലുള്ളവർക്ക് മുഴുവൻ സന്തോഷമായി എല്ലാവരും കയ്യടിച്ചും ആർപ്പുവിളിച്ചും ആഘോഷിച്ചു. കൂടെ കൂടി നിന്ന ആളുകൾക്കും അത് ഹരമായി. കയ്യടിക്ക് ശേഷം ജയറാം മമ്മൂട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടത് ദൂരെ മാറി നിന്ന് ഭയന്ന് പൊട്ടിക്കരയുന്ന മമ്മൂട്ടിയെ ആയിരുന്നു. യൂണിറ്റിലുള്ളവരും സംവിധായകൻ സത്യൻ അന്തിക്കാടും ഉൾപ്പടെയുവർ അത് കണ്ട് അൽപ നേരത്തേക്ക് സ്തംബ്ദരായി. ഇത്രയും നിഷ്കളങ്കനായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് അപോഴാണ് താൻ മനസ്സിലാക്കിയതെന്ന് ജയറാം പറഞ്ഞു.