രാത്രിയാത്രാനിരോധനം നീക്കില്ല; കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും

ബംഗളൂരു| JOYS JOY| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (12:38 IST)
ബന്ദിപ്പൂരിലെ രാത്രി യാത്രാനിരോധനം നിയന്ത്രിക്കുന്നത് സംബന്ധിച്ചത് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് കര്‍ണാടക. അതേസമയം, രാത്രി യാത്രാനിരോധനം നീക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ വ്യക്തമാക്കി. ബംഗളൂരുവില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സിദ്ദരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വിദഗ്ധസമിതി പഠിച്ചശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കോടതി ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക എന്ന് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി.

നിലവില്‍ ബന്ദിപ്പൂര്‍ മേഖലയില്‍ രാത്രിയാത്രാനിരോധനം രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ആറുമണി വരെയാണ്. ഇത്, പത്തുമണി മുതല്‍ രാവിലെ അഞ്ചുമണി വരെയാക്കണമെന്നാണ് കേരളത്തിന്റെ നിര്‍ദ്ദേശം. കൂടാതെ, കോണ്‍വോയ് ആയി വിടുന്ന
വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും എട്ട് വാഹനങ്ങള്‍ വീതം 16 വാഹനങ്ങള്‍ ആണ് ഇതിലെ നിരോധനസമയത്ത് കടത്തിവിടുന്നത്. ഇത് 25 ആക്കി വര്‍ദ്ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :