കൊച്ചൌസേപ്പ് വൃക്ക നല്‍കി, ജീവിതങ്ങളും!

കൊച്ചി| WEBDUNIA|
PRO
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഉടമ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി തന്റെ വൃക്കകളില്‍ ഒന്ന് ദാനം ചെയ്തു. 'അവയവങ്ങള്‍ സ്വര്‍ഗത്തിനല്ല ഭൂമിക്കാണ്' ആവശ്യമെന്ന വാചകത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് അഞ്ഞൂറ് കോടി വിറ്റുവരവുള്ള സ്ഥാപനത്തിന്റെ ഉടമ മനുഷ്യ സ്നേഹത്തിന്റെ ഉത്തമോദാഹരണം ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്തത്.

ഈരാറ്റുപേട്ട സ്വദേശി ജോയിയാണ് കൊച്ചൌസേപ്പിന്റെ സ്വീകരിച്ചത്. ലേക്‍ഷോര്‍ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് നാല് വരെ നീണ്ടു. കൊച്ചൌസേപ്പ് സ്വന്തം അവയവം പകുത്ത് നല്‍കിയതിലൂടെ ‘കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ’യുടെ നേതൃത്വത്തിലുള്ള വൃക്ക ബാങ്കിലെ ഒരു കണ്ണിയാവുകയായിരുന്നു.

ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടക്കുമ്പോള്‍ കൊച്ചൌസേപ്പിന്റെ ഭാര്യ ഷീലയും മക്കളായ മിഥുനും അരുണും ആശുപത്രിയില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം കൊച്ചൌസേപ്പിന് ആശുപത്രി വിടാം. വൃക്ക മാറ്റിവയ്ക്കല്‍ വിജയകരമായതിനാല്‍ ജോയിക്കും അധികം താമസിക്കാതെ ആശുപത്രി വിടാനാവും.

കൊച്ചൌസേപ്പില്‍ നിന്ന് വൃക്ക സ്വീകരിക്കുന്ന ജോയിയുടെ ഭാര്യ ജോളി തന്റെ പ്രിയതമന് ജീവിതം തിരികെ ലഭിക്കുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നത് സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് പകുത്ത് നല്‍കിയാണ്. തൃശൂര്‍ സ്വദേശി ഷംസുദ്ദീന്‍ ആണ് ജോളിയുടെ വൃക്ക സ്വീകരിക്കുന്നത്. മനുഷ്യ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ചങ്ങല ഇവിടെയും അവസാനിക്കുന്നില്ല. ഷംസുദ്ദീന്റെ ഭാര്യ സൈനബ തൃശൂര്‍ സ്വദേശി ജോണിനും ജോണിന്റെ അമ്മ ജസ്സി തൃശൂര്‍ സ്വദേശി തന്നെയായ ബിജുവിനും വൃക്ക ദാനം ചെയ്യും.

ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ആണ് ലോകത്തിന് തന്നെ മാതൃകയായി മാറുന്ന ‘കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ’യുടെ സാരഥി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :