കൊച്ചൌസേപ്പ് ചുമടേറ്റിയത് നല്ലകാര്യം: ലോറന്‍സ്

കൊച്ചി| WEBDUNIA|
PRO
മുതലാളിമാര്‍ ചുമടെടുക്കുന്നത് നല്ലകാര്യമാണെന്നും അതുകൊണ്ട് വിഗാര്‍ഡ് ഉടമയായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി ചുമടെടുക്കാന്‍ എത്തിയത് നല്ലൊരു കാര്യമായിട്ടാണ് താന്‍ കാണുന്നതെന്നും എന്തായാലും വിഗാര്‍ഡ് മാനേജ്‌മെന്റും സിഐടിയുമായി ഉണ്ടായ തര്‍ക്കം അന്വേഷിക്കുമെന്നും സംസ്‌ഥാന ജനറല്‍ സെക്രട്ടറി എംഎം ലോറന്‍സ്‌ കൊച്ചിയില്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ എതിര്‍ത്തിട്ടും സി‌ഐ‌ടി‌യു യൂണിയന്‍‌കാര്‍ ‘നോക്കുകൂലി’ ചോദിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് നോക്കുകൂലിക്ക്‌ സിഐടിയു എതിരാണെന്ന് ലോറന്‍സ് പറഞ്ഞു. വിഗാര്‍ഡില്‍ ചരക്കിറക്കുമായി ബന്ധപ്പെട്ട്‌ സിഐടിയുമായി ഉണ്ടായ തര്‍ക്കത്തെ പറ്റി അന്വേഷിക്കുമെന്നും ലോറന്‍സ് ഉറപ്പുനല്‍കി.

കലൂര്‍ പുതുക്കലവട്ടത്തെ വിസ്റ്റാര്‍ ഗോഡൗണില്‍ ബുധനാഴ്ചയാണ് വിഗാര്‍ഡിലെ തൊഴിലാളികളും സിഐടിയും തമ്മില്‍ തര്‍ക്കം ഉണ്ടായത്. കമ്പനിയിലെ തൊഴിലാളികള്‍ ഗോഡൗണില്‍ ചരക്ക് കയറ്റിയിറക്കാന്‍ അനുവദിക്കില്ലെന്നും അതല്ലെങ്കില്‍ ‘നോക്കുകൂലി’ ലഭിക്കണമെന്നുമായിരുന്നു സിഐടിയു നിലപാട്. ഈ വ്യവസ്ഥ വിഗാര്‍ഡ് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഗോഡൗണിലേക്കെത്തിയ വാഹനങ്ങളില്‍ നിന്ന് ചരക്കിറക്കുന്നത് യൂണിയന്‍കാര്‍ തടസ്സപ്പെടുത്തുകയായിരുന്നു.

സംഭവമറിഞ്ഞ് വി-ഗാര്‍ഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടര്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഭാര്യയും വിസ്റ്റാര്‍ എംഡിയുമായ ഷീല കൊച്ചൗസേപ്പും എത്തി. ഇരുവരും ചേര്‍ന്ന് യൂണിയന്‍‌കാരെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ‘എന്തുവന്നാലും കമ്പനിയിലെ തൊഴിലാളികളെ ലോഡിറക്കാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ മുതലാളി തന്നെ ചുമടിറക്കട്ടെ’ യൂണിയന്‍കാരുടെ വെല്ലുവിളി. വെല്ലുവിളി ഏറ്റെടുത്ത കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്നെ വണ്ടിയില്‍ കയറി ലോഡിറക്കുകയായിരുന്നു. എന്നാല്‍ ഇറക്കിയ ചരക്ക് ഗോഡൗണില്‍ കൊണ്ടുപോകുന്നത് സിഐടിയു സംഘം തടയുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തി. ഒടുവില്‍ കളമശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :