ജോയിക്ക് വിഗാര്‍ഡ് ഉടമ നല്‍കുന്നത് സ്വന്തം വൃക്ക!

Kochauseppu Chittilappilli
കൊച്ചി| WEBDUNIA|
PRO
PRO
വി-ഗാര്‍ഡ് എന്ന വന്‍ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയാണ് തനിക്ക് ദാനം ചെയ്യുന്നതെന്ന കാര്യം കോട്ടയം സ്വദേശിയായ ജോയിക്ക് വിശ്വസിക്കാനാകുന്നില്ല. ‘ഇത്രയും പണക്കാരനായ കൊച്ചൌസേപ്പ് സാറാണ് എനിക്ക് വൃക്ക തരുന്നതെന്ന് ഇന്നാണ് ഞാന്‍ അറിഞ്ഞത്’ എന്ന് ചൊവ്വാഴ്ച ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജോയി പറയുന്നു. വൃക്ക ദാനംചെയ്യാന്‍ സന്നദ്ധരായവരെ ഉള്‍പ്പെടുത്തി കിഡ്നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ വൃക്കബാങ്കിനു തുടക്കംകുറിച്ചുകൊണ്ടാണ് ജോയിക്ക് കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളി വൃക്ക ദാനംചെയ്യുന്നത്.

“വൃക്കരോഗിയായ എനിക്ക്‌ ലോകമറിയുന്ന ഒരു വ്യവസായപ്രമുഖന്റെ കാരുണ്യത്തില്‍ പുതുജീവിതത്തിനു വഴിതുറക്കുന്നുവെന്നറിഞ്ഞപ്പോള്‍ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. കൊച്ചൗസേഫ്‌ സാറാണ്‌ എനിക്കു വൃക്ക നല്‍കുന്നത്‌ എന്നറിയുന്നത്‌ തിങ്കളാഴ്ചയാണ്‌! കിഡ്നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ഞാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരാള്‍ വൃക്ക നല്‍കാന്‍ സന്നദ്ധനായി വന്നുവെന്നു ചെയര്‍മാന്‍ ഫാദര്‍ ഡേവിസ്‌ ചിറമ്മല്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അത് കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളിയാണെന്ന്‌ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് ഞാന്‍ അറിയുന്നത്” - ജോയി പറയുന്നു.

ഒരു പ്രത്യേക രീതിയിലാണ് വൃക്ക ബാങ്ക് പ്രവര്‍ത്തിക്കുക. വൃക്ക സ്വീകരിക്കുന്ന വ്യക്തിയുടെ ബന്ധുക്കളിലൊരാള്‍ മറ്റൊരു രോഗിക്കു വൃക്ക നല്‍കുന്ന സംവിധാനമാണിത്. ഈ സംവിധാനത്തിലെ ആദ്യദാതാവായ കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളിയാണ് ജോയിക്ക് വൃക്ക നല്‍കുന്നത്‌. ജോയിയുടെ ഭാര്യ ജോളിയാകട്ടെ, തൃശൂര്‍ സ്വദേശിയായ ഷംസുദ്ദീനു വൃക്ക നല്‍കും. ഷംസുദ്ദീന്റെ ഭാര്യ സൈനബ തൃശൂര്‍ സ്വദേശിയായ ജോണിനാണ് വൃക്ക നല്‍കുന്നത്‌. ജോണിന്റെ മാതാവ്‌ ജെസി തൃശൂര്‍ സ്വദേശിയായ ബിജുവിനു വൃക്ക നല്‍കും. ഈ ശൃംഖല ഇങ്ങിനെ നീളും.

ഫാദര്‍ ഡേവിസ്‌ ചിറമ്മലിന്റെ വൃക്കദാനത്തോടെ, 2009 സെപ്തംബര്‍ 30-നാണ് കിഡ്നി ഫെഡറേഷനു തുടക്കമായത്‌. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയില്‍ വച്ചാണ് കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ വൃക്ക ജോയിയുടെ ശരീരത്തില്‍ ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിക്കുക. “തികഞ്ഞ സന്തോഷത്തോടെയാണ് ഞാനെന്റെ വൃക്ക ദാനം ചെയ്യുന്നത്. എന്റെ വൃക്ക സ്വീകരിക്കുന്നയാളെ ഞാന്‍ കണ്ടിട്ടില്ല. ആര്‍ക്കു നല്‍കുന്നു എന്നതിനെക്കാള്‍ ഇത്തരമൊരു നന്മ ചെയ്യാനാവുന്നതിലെ ആത്മസന്തോഷമാണു വലുത്” - കൊച്ചൌസേപ്പ് പറയുന്നു.

എന്തുകാര്യവും തന്റേതായ നിരീക്ഷണത്തിലൂടെ കാണുകയും നടപ്പിലാക്കുകയും ചെയ്യുന്നതില്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ‘കമ്യൂണിസം കാരണമാണ് കേരളത്തില്‍ വ്യവസായം വരാത്തത്’ എന്ന് പറയുന്നവരെ കടുത്ത ഭാഷയില്‍ കൊച്ചൌസേപ്പ് വിമര്‍ശിച്ചിരുന്നു. ‘കേരളത്തിലെ ജനങ്ങളെ ബോധവല്‍ക്കരിച്ച് ഇന്നത്തെ നിലയില്‍ എത്തിച്ചത് കമ്യൂണിസമാണെന്നും വ്യവസായം തുടങ്ങാന്‍ പറ്റിയ സ്ഥലം തന്നെയാണ് കേരളമെന്നും’ തുറന്നടിക്കുക വഴി കൊച്ചൌസേപ്പ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :