റൌഫ് മനസ് തുറന്നു, കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും

കോഴിക്കോട്| WEBDUNIA|
PRO
ഐസ്ക്രീം പെണ്‍‌വാണിഭക്കേസില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ പൊലീസ് ചോദ്യം ചെയ്യും. എന്നാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്നത് എന്നത് തീരുമാനമായിട്ടില്ല. എന്നാല്‍, ഏറെ വൈകാതെ തന്നെ ചോദ്യം ചെയ്യലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, തിങ്കളാ‍ഴ്ച പൊലീസിന്‍റെ ചോദ്യം ചെയ്യലിന് വിധേയനായ കെ എ റൌഫ് ഐസ്ക്രീം കേസ് സംബന്ധിച്ച് പല നിര്‍ണായക വിവരങ്ങളും പൊലീസിനോട് തുറന്നുപറഞ്ഞതായാണ് വിവരം. നാലു മണിക്കൂര്‍ നേരമാണ് പൊലീസ് റൌഫിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയ പല കാര്യങ്ങളുടെയും വിശദാംശങ്ങള്‍ ചോദ്യം ചെയ്യലില്‍ റൌഫ് അറിയിച്ചതായി സൂചനയുണ്ട്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരീഭര്‍ത്താവായ റൌഫിനെ ചോദ്യം ചെയ്തത്. പൊലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം, ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ കോടതി പരിശോധിക്കണമെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യറി തന്നെ അന്വേഷണം നടത്താന്‍ തയ്യാറാകണം. ലീഗിന് ചിലത് മൂടിവയ്ക്കാനുണ്ടെന്നുള്ളത് വ്യക്തമാണെന്നും എല്ലാ കാര്യങ്ങളുടെയും സത്യാവസ്ഥ എം കെ മുനീറിന് അറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :