കൊച്ചി മെട്രോ ഡിഎംആര്‍സി ഏറ്റെടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമം: പിണറായി

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കൊച്ചി മെട്രോ ഡി എം ആര്‍ സി ഏറ്റെടുക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതിന്‌ കുറച്ചുകൂടി കരുത്ത്‌ പകരുന്ന വാക്കുകളാണ്‌ മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്നിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും പിണറായി പറഞ്ഞു. ഇക്കാര്യത്തില്‍ ആളുകളെ വിഡ്ഢിവേഷം കെട്ടിക്കുന്ന സമീപനമാണ്‌ സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാം കുഴപ്പത്തിലാണെന്നാണ്‌ ഡല്‍ഹി ചര്‍ച്ചയ്ക്ക്‌ ശേഷം മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. പുന്നപ്ര വയലാര്‍ സമരത്തെക്കുറിച്ച്‌ പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വി എസ്‌ അച്യുതാനന്ദന്റെ പേര്‌ പരാമര്‍ശിക്കാഞ്ഞതിനെച്ചൊല്ലി ഒരു പ്രശ്നവും സിപിഎമ്മില്‍ ഇല്ല. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഭൂതക്കണ്ണാടി വെച്ച്‌ ചിലര്‍ നോക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

റവന്യൂമന്ത്രിയും റവന്യൂ വകുപ്പും അറിയാതെ എങ്ങനെയാണ്‌ ഭൂവിനിയോഗ ബില്ലില്‍ ഭേദഗതി വരുന്നതെന്ന്‌ അദ്ദേഹം ചോദിച്ചു. ഭൂമാഫിയയെ സഹായിക്കുന്നതിള്ള ശ്രമമാണ്‌ നടക്കുന്നതെന്നും ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :