യുഡി‌എഫ് കോഴമുന്നണിയായെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (18:57 IST)
യുഡി‌എഫ് കോഴമുന്നണിയായെന്ന് രൂക്ഷമായി ആരോപിച്ചു കൊണ്ട് സി‌പിഐ സംസ്ഥാന സെക്രട്ടറി പന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ധനമന്ത്രി കെ.എം. മാണിയെ രൂക്ഷമായി വിമര്‍ശിച്ച പന്ന്യന്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്നതിനാല്‍ മാണി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പന്ന്യന്‍ മാണിയേ രൂക്ഷമായി വിമര്‍ശിച്ചത്.

ധനകാര്യ വകുപ്പ് കുത്തഴിഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും കുഴഞ്ഞു മറിഞ്ഞൊരു ധനകാര്യ മാനേജ്മെന്റ് ഇന്നു വരെ ഉണ്ടായിട്ടില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി.ധനമന്ത്രി പ്രത്യക്ഷമായി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉള്ള സ്ഥിതിക്ക് കെഎം മാണി രാജി വയ്ക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് പന്ന്യന്‍ പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്കെതിരെ ഒരു ബിസിനസുകാരന്‍ പരസ്യമായി രംഗത്തെത്തി തന്റേടത്തോടെ മന്ത്രി കോഴ വാങ്ങിയെന്നും താനതിന്
എന്ത് തെളിവും കൊടുക്കാമെന്നും പറയുന്നത്. ഇക്കാര്യത്തില്‍ വിശ്വാസയോഗ്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രത്യക്ഷ സമരത്തിനൊരുങ്ങിയിരിക്കുകയാണെന്ന് പന്ന്യന്‍ പറഞ്ഞു. നവംബര്‍ 12ന് ഇക്കാര്യം ആവശ്യപ്പെട്ട് സിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും എംഎല്‍എമാരും മറ്റും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാണി രാജി വയ്ക്കണമെന്ന വിഷയത്തില്‍ മുന്നണി ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ യോജിച്ച നിലപാട് എടുക്കുന്നതില്‍ എല്‍ഡിഎഫിന് വീഴ്ച പറ്റിയതായി അദ്ദേഹം സമ്മതിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :