നാലുവരി പാതയായാണെങ്കിലും വലതുവശം ചേര്‍ന്ന് വണ്ടിയോടിച്ചാല്‍ പിടിവീഴും

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 17 ജൂണ്‍ 2015 (18:43 IST)
നാലുവരി പാതകളിൽ മീഡിയനോടു ചേർന്നു വലതുവശത്തു കൂടി പോകുന്ന വാഹനങ്ങൾക്കു പിഴ ചുമത്തണമെന്നു ഡിജിപി ടിപി സെൻകുമാറിന്റെ നിര്‍ദ്ദേശം.
വാഹനങ്ങൾ വലതുവശം ചേർന്നു പോകുന്നതിനാൽ മറ്റു വാഹനങ്ങൾ ഇടതുഭാഗത്തു കൂടി ഓവർടേക്ക് ചെയ്യുന്നതു പതിവാണ്. ഇത് അപകടങ്ങൾക്കു വഴിവയ്ക്കുന്നു. ഇത് മുന്നില്‍ കണ്ടാണ് പുതിയ സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കിയിരിക്കുന്നത്.

ആദ്യ മാസം ബോധവൽക്കരണത്തിനു പൊലീസ് മുൻഗണന നൽകണം. അതിനു ശേഷം പിഴ ഉൾപ്പടെയുള്ള നടപടി സ്വീകരിക്കണമെന്നു ഡിജിപി സർക്കുലറിൽ നിർദ്ദേശിച്ചു. ‘ഇടതുവശം ചേർന്നു പോകുക’ എന്ന ബോര്‍ഡുകള്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ റോഡ് വശങ്ങളില്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

വാഹനഗതാഗതം വഴിതിരിച്ചു വിടുമ്പോൾ ആ വഴി കഴിയുന്നതും വൺ വേ ആക്കണം. ഗതാഗതകുരുക്ക് ഇല്ലാതെയും ശ്രദ്ധിക്കണം. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇതിനാവശ്യമായ മുൻകരുതൽ എസ്പി, ഡിവൈഎസ്പി, സിഐ എന്നീ ഉദ്യോഗസ്ഥർ കൈക്കൊള്ളണം. ഇതു ചെയ്യാതെ ഗതാഗത തടസമുണ്ടായാൽ ഈ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയായി അതു കണക്കാക്കും. ഏത് പൊലീസ് ഉദ്യോഗസ്ഥനും ഗതാഗതക്കുരുക്കു കണ്ടാൽ ഹൈവേ അലർട്ടിലോ കൺട്രോൾ റൂമിലോ ഉടൻ അറിയിക്കണമെന്നും സെൻകുമാർ നിർദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :