ആഭ്യന്തരമന്ത്രിയെ ഗൌനിച്ചില്ല; ഋഷിരാജ് സിംഗിനെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 13 ജൂലൈ 2015 (13:25 IST)
പൊലീസ് അക്കാദമിയില്‍ നടന്ന പൊലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എ ഡി ജി പി ഋഷിരാജ് സിംഗ് ഗൌനിക്കാതിരുന്ന വിഷയത്തില്‍ നടപടി ഉണ്ടായേക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം.

ഋഷിരാജ് സിംഗിനെതിരെ നടപടി വേണമെന്ന് യു ഡി എഫ് പാര്‍ലമെന്ററി യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. സിംഗിന്റെ നടപടി തെറ്റാണെന്ന് യോഗത്തില്‍ പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ ഡി ജി പിക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.

ഋഷിരാജ് സിംഗ് ഭരണഘടന പദവിയെയാണ് അപമാനിച്ചതെന്നും ശരിയായ നിലപാടല്ല അതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഋഷിരാജ് സിംഗ് സെല്യൂട്ട് ചെയ്തില്ലെന്നായിരുന്നു വിവാദം.

അതേസമയം, ഋഷിരാജ് സിംഗ് ബഹുമാനിച്ചില്ലെന്ന വിവാദത്തില്‍ തനിക്ക് വ്യക്തിപരമായ പ്രശ്നമില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം പരിശോധിക്കേണ്ടത് ഡിജിപിയാണെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :